അദാനി വിഷയത്തില്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ ചന്ദ്രശേഖര്‍ റാവു

  • 12/02/2023

ബെംഗളൂരു: അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. മോദി ലോക്സഭയില്‍ നടത്തിയത് വെറുപ്പുളവാക്കുന്ന പ്രസംഗമാണെന്ന് ചന്ദ്രശേഖര്‍ റാവു വിമര്‍ശിച്ചു. ചോദിച്ച ഒരു ചോദ്യത്തിനും മോദിക്ക് മറുപടിയില്ല. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്ക് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്നും തെലങ്കാന മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


തെലങ്കാന നിയമസഭയിലായിരുന്നു മോദിക്കെതിരായ കെസിആ‌റിന്‍റെ പ്രസംഗം. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്ബനിയായ എല്‍ഐസിയെ മോദി സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും കെസിആര്‍ ആരോപിച്ചു. പത്ത് ലക്ഷം കോടി ചെറിയ കളിയല്ല. നഷ്ടം വന്നാല്‍ ജനങ്ങള്‍ക്ക് മേല്‍, ലാഭം വന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് എന്നതാണ് മോദിയുടെ നയം. ബിസിനസ് ചെയ്യാനല്ല, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് സര്‍ക്കാരെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

പൂജ മെഹ്‍റ എഴുതിയ 'നഷ്ടപ്പെട്ട പതിറ്റാണ്ട്' എന്ന പുസ്തകം ഉയര്‍ത്തിക്കാട്ടി ആയിരുന്നു കെസിആറിന്‍റെ വിമര്‍ശനം. യുപിഎ, എന്‍ഡിഎ സ‍ര്‍ക്കാരുകളെ വിമര്‍ശനാത്മകമായി താരതമ്യം ചെയ്യുന്നതാണ് പുസ്തകം. രണ്ട് സര്‍ക്കാരുകളുടെയും കാലത്തെ ആളോഹരി വരുമാന വളര്‍ച്ചയിലെ അന്തരം ചൂണ്ടിക്കാട്ടിയ കെസിആര്‍, യുപിഎ സര്‍ക്കാരാണ് ഭേദമെന്നും പറഞ്ഞു. കണക്കുകളെ ഉദ്ധരിച്ചായിരുന്നു കെസിആറിന്‍റെ തെലങ്കാന നിയമസഭയിലെ പ്രസംഗം.

Related News