ഗ്യാസ് കട്ടർ വെച്ച് എടിഎം മിഷീൻ മുറിച്ചു, ഒരേ സമയം നാലിടങ്ങളിൽ കവർച്ച

  • 12/02/2023

ചെന്നൈ; തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ വന്‍ എടിഎം കവര്‍ച്ച. ഇന്നലെ രാത്രിയില്‍ നാല് എടിഎമ്മുകള്‍ ഒരേ സമയത്താണ് കൊള്ളയടിക്കപ്പെട്ടത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ മെഷീനുകള്‍ മുറിച്ചാണ് പണം കവര്‍ന്നത്. തെളിവ് നശിപ്പിക്കാന്‍ നാലിടത്തേയും സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്കുകളും മോഷ്ടാക്കള്‍ നശിപ്പിച്ചു.


കൊള്ളയടിക്കപ്പെട്ട നാലു എടിഎമ്മുകളില്‍ മൂന്നെണ്ണം എസ്ബിഐയുടേയും ഒരെണ്ണം ഇന്ത്യ വണ്ണിന്റേയുമാണ്. മാരിയമ്മന്‍ കോവില്‍, തേനി മലൈ, പൊലൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേതാണ് എസ്ബിഐ എടിഎം. കലസപക്കത്താണ് ഇന്ത്യ വണ്‍ എടിഎം ഉണ്ടായിരുന്നത്.

അര്‍ദ്ധരാത്രി ആളൊഴിഞ്ഞതിന് ശേഷം എടിഎം മെഷീനുകള്‍ സ്ഥാപിച്ച മുറികളില്‍ കയറി ഷട്ടറിട്ടതിന് ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മെഷീന്‍ മുറിച്ചത്. ആകെ എഴുപത്തിയ‌ഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. നാലിടത്തും കൊള്ളയ്ക്ക് ശേഷം എടിഎം മെഷീനും സിസിടിവി ക്യാമറകളും മോഷ്ടാക്കള്‍ കത്തിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് നാലിടങ്ങളില്‍ ഒരേ സമയം ഒരേ സ്വഭാവത്തില്‍ കവര്‍ച്ച നടത്തിയത്. എടിഎം മെഷീനുകള്‍ക്കും സിസിടിവിക്കും തീയിട്ടതിനാല്‍ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കണ്ടെത്താനായില്ല. ഫോറന്‍സിക് സംഘമെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.

എടിഎം കവര്‍ച്ച അന്വേഷിക്കാന്‍ എസ്പി കെ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചു. സമീപ റോഡുകളിലേയും സ്ഥാപനങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും ഫോണ്‍ വിളികളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

Related News