ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്റോ ഇന്ത്യ ഷോയ്ക്ക് തുടക്കമായി

  • 13/02/2023

ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്റോ ഇന്ത്യ ഷോയ്ക്ക് ബെംഗളുരുവിലെ യെലഹങ്ക എയര്‍ ബേസില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എയ്റോ ഇന്ത്യ വെറും ഷോ അല്ല, ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ഡിഫെന്‍സ് മാര്‍ക്കറ്റ് അല്ല, പ്രതിരോധ പങ്കാളി കൂടിയാണ്. ഇത് പുതിയ ഇന്ത്യ ഉയരങ്ങളില്‍ എത്തുന്ന കാഴ്ചയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


ഇന്ത്യ അതിവേഗം പ്രതിരോധരംഗത്ത് വളര്‍ച്ച കൈവരിക്കുന്നുണ്ട്. റെക്കോര്‍ഡ് എണ്ണം വിദേശ, തദ്ദേശീയ പവലിയനുകള്‍ ഉള്ള എയ്റോ ഇന്ത്യ ഷോ രാജ്യത്തെ ടെക് തലസ്ഥാനത്താണ് നടക്കുന്നത്. ഇത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എയ്റോ ഇന്ത്യ രാജ്യം മാറിയതിനെ സൂചിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ന് 55 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. ഇത് തുടക്കം മാത്രമാണ്. 2024-25 ഓടെ പ്രതിരോധ രംഗത്ത് 5 ബില്യണ്‍ ഡോളര്‍ വ്യാപാരത്തിലേക്ക് എത്തുക എന്നതാണ് രാജ്യത്തിന്‍റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം പ്രതിരോധ രംഗത്ത് ശാക്തികരണത്തിന്‍റെ പാതയിലാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞു. കര്‍ണാടകത്തിന്‍റെ വ്യവസായ വികസനത്തിന്റെ അടിത്തറ പാകുകയാണ് തുംക്കുരുവിലെ HAL ഫാക്ടറിയും എയ്റോ ഇന്ത്യ ഷോയും. പ്രതിരോധ നിര്‍മാണ രംഗത്ത് കര്‍ണാടകയ്ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related News