വാലന്‍റൈന്‍സ്ഡേ സമ്മാനം; 51 കാരിയില്‍ നിന്ന് 3.68 ലക്ഷം രൂപ തട്ടി, പരാതി

  • 13/02/2023

മുംബൈ: വാലന്‍റൈന്‍സ് ദിനത്തില്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞ് 51 കാരിയില്‍ നിന്ന് 3.68 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. അലക്സ് ലോറെന്‍സോ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഇന്‍സ്റ്റാഗ്രാമില്‍ സൗഹൃദം സ്ഥാപിച്ചശേഷം പണം തട്ടിയെടുത്തത്. ഖാര്‍ പൊലീസ് സ്റ്റേഷനില്‍ സ്ത്രീ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.


പ്രണയദിനത്തില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നും സമ്മാനം കൈപ്പറ്റിയശേഷം 66000 രൂപ കൊറിയര്‍ ചാര്‍ജായി നല്‍കണമെന്നും ചാറ്റില്‍ പറഞ്ഞു. കൊറിയര്‍ എത്തിയപ്പോള്‍ പരിധിയില്‍ അധികം ഭാരമുള്ളതിനാല്‍ 72000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

പാഴ്സലിലുള്ളത് യൂറോപ്യന്‍ കറന്‍സി നോട്ടുകള്‍ ആണെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിന് 2,65,000 രൂപ നല്‍കേണ്ടിവരുമെന്നും പറഞ്ഞ് കൊറിയര്‍ കമ്ബനി പ്രതിനിധികള്‍ വീണ്ടും ബന്ധപ്പെട്ടു. ഇതറിഞ്ഞതോടെ പരിഭ്രാന്തിയിലായ സ്ത്രീ കമ്ബനിക്കാര്‍ ആവശ്യപ്പെട്ട പണം അയച്ചുനല്‍കി. വീണ്ടും 98000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് ഇവര്‍ക്ക് സംശയം തോന്നിയത്.

പണം നല്‍കാന്‍ വിസമ്മതിച്ചതോടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്തയാള്‍ മെസേജ് അയച്ചു. ഇതോടെയാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്.

Related News