ബിബിസി ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന

  • 14/02/2023

ദില്ലി: ബിബിസി ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസില്‍ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.


ദില്ലിയില്‍ എട്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യന്‍ ഭാഷാ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നു. ഇന്ന് രാവിലെ 10.30 ന് 12 ഉദ്യോഗസ്ഥര്‍ മൂന്ന് കാറുകളിലായി ബിബിസിയുടെ മുംബൈ ഓഫീസില്‍ എത്തി. മുംബൈയില്‍ ബിബിസി സ്റ്റുഡിയോ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ബിബിസി ന്യൂസിന് മുംബൈയില്‍ മറ്റൊരു ഓഫീസ് ഉണ്ട്.

ഇവിടെ റെയ്ഡ് നടക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ജീവനക്കാരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ബാക്കപ്പ് എടുത്ത് വ്യക്തികള്‍ക്ക് തിരികെ കൈമാറുമെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. അക്കൗണ്ട്, ധനകാര്യ ഡിപ്പാര്‍ട്ട്മെന്‍്റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ ലാപ്പ് ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Related News