കോയമ്ബത്തൂര്‍, മംഗളൂരു സ്ഫോടനക്കേസ്: കേരളമടക്കം മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ്

  • 15/02/2023

കൊച്ചി: കോയമ്ബത്തൂര്‍, മംഗളൂരു സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളമടക്കം മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. ആകെ നാല്‍പ്പത് ഇടങ്ങളില്‍ റെയ്ഡ് നടത്തിയെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥ‍ര്‍ അറിയിക്കുന്നത്. വിവിധ ഇടങ്ങളില്‍ നിന്നും ഡിജിറ്റല്‍ രേഖകളും നാല് ലക്ഷം രൂപയും കണ്ടെത്തിയെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്. രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു. ആലുവയില്‍ പണമിടപാട് നടത്തുന്ന അശോകന്‍, ആലുവ വെസ്റ്റ് വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്.


പാനായിക്കുളം സ്വദേശിയും ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയുമായിരുന്ന സീനിമോന്‍റെ വീട്ടിലും പരിശോധന നടന്നു. ഇയാളോട് നാളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്‍ഡ് നടന്ന ഇടങ്ങളില്‍ നിന്ന് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും സാമ്ബത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. മംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം 19 ന് നടന്ന പ്രഷര്‍ കുക്കര്‍ ബോംബ് കേസുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിലെ പരിശോധന. ഈ കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് കേരളത്തില്‍ എത്തിയ ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.

കേരളത്തെ കൂടാതെ കര്‍ണാടകയിലും തമിഴ്നാട്ടിലും റെയ്‍ഡ് നടന്നു. കോയമ്ബത്തൂര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്‍റെ ഭാര്യയുടെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും ഇന്‍റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്.

Related News