ഭക്ഷണത്തിന് ശേഷം കടലിൽ കുളിക്കാനിറങ്ങി; പ്രണയദിനം ആഘോഷിക്കാനെത്തിയ യുവതിയും യുവാവും ഗോവയിൽ മുങ്ങിമരിച്ചു

  • 15/02/2023

പനാജി: ഗോവയിൽ പ്രണയദിനം ആഘോഷിക്കാനെത്തിയ യുവാവും യുവതിയും കടലിൽ മരിച്ച നിലയിൽ. യുപി സ്വദേശികളായ വിഭു ശർമ, സുപ്രിയ ദുബെ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണവും കോക്ടേയിലും കഴിച്ച ശേഷം ബീച്ചിലിറങ്ങിയ ഇരുവരും അപകടത്തിൽ പെടുകയായിരുന്നു.

ഗോവയിലെ പലോലിം ബീച്ചിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയോടെ സുപ്രിയയുടെയും ഉച്ചയോടെ വിഭുവിന്റെയും മൃതദേഹം കണ്ടെത്തി. ഇരുവരുടെയും മൊബൈൽ ഫോണുകളും കിട്ടി. മരിച്ച സുപ്രിയയും വിഭു ശർമയും ബന്ധുക്കളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. സുപ്രിയ ബെംഗളൂരുവിലും വിഭു ശർമ മുംബൈയിലുമാണ് ജോലി ചെയ്തിരുന്നത്. എന്നാൽ ഇരുവരും ഗോവയിലെത്തിയ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കടലിൽ കുളിക്കുന്നതിനിടെ സുപ്രിയയാകും ആദ്യം മുങ്ങിപ്പോയതെന്നും ഇവരെ രക്ഷിക്കുന്നതിനിടെ യുവാവും അപടകത്തിൽ പെട്ടുവെന്നാണ് പൊലീസ് വിശദീകരണം. ഇവരുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം ഹോട്ടൽമുറിയിൽ തന്നെയുണ്ടായിരുന്നു. യുവതിയുടെ ആഭരണങ്ങളും മൃതദേഹത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സൗത്ത് ഗോവ ആശുപത്രിയിലേക്ക് മാറ്റി.

ദിവസങ്ങൾക്ക് മുമ്ബ് ഗോവയിലെത്തിയ ഇരുവരും ആദ്യം നോർത്ത് ഗോവയിലെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. പിന്നീടാണ് പാലോലിമിൽ എത്തിയത്. രാത്രി ഏറെ വൈകി ബീച്ചിൽനിന്ന് ആരോ സഹായം അഭ്യർഥിച്ച് വിളിക്കുന്നത് പോലെ കേട്ടിരുന്നതായി ചില വിദേശികളും മൊഴിനൽകിയിട്ടുണ്ട്.

Related News