അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയായ 15കാരന്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

  • 15/02/2023

ഭോപ്പാല്‍: അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയായ 15കാരന്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കരേരയിലെ ബറോഡ ഗ്രാമത്തിലാണ് സംഭവം. 15 വയസ്സുള്ള പ്രതിയായ ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 10ന് ഗ്രാമത്തിലെ മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മയോടൊപ്പം പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഫെബ്രുവരി 11 ന് സമീപത്തെ കൃഷിയിടത്തില്‍ നിന്ന് കുട്ടിയുടെ അര്‍ദ്ധനഗ്നമായ മൃതദേഹം കണ്ടെടുത്തു. പെണ്‍കുട്ടിയുടെ മരണം വലിയ ജനരോഷത്തിന് കാരണമായിരുന്നു.


പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മെഴുകുതിരി മാര്‍ച്ച്‌ നടത്തി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ജില്ലാ കളക്ടര്‍ രവീന്ദ്ര കുമാര്‍ ചൗധരിയും പൊലീസ് സൂപ്രണ്ട് (എസ്പി) രാജേഷ് ചന്ദേലും ഗ്രാമം സന്ദര്‍ശിച്ച്‌ പ്രതിയെ പിടികൂ‌ടുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. പിന്നീട് പ്രതികളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 15കാരനെ പൊലീസ് പിടികൂടുന്നത്.

സമീപ ഗ്രാമവാസിയായ 15കാരന്‍ പരിപാടി നടക്കുന്ന സ്ഥലത്തെ യന്ത്ര ഊഞ്ഞാലില്‍ താല്‍ക്കാലികമായി ജോലി ചെയ്തിരുന്നു. ഒറ്റയ്ക്ക് ഊഞ്ഞാലാടാനെത്തിയ പെണ്‍കുട്ടിയെ ബിസ്‌ക്കറ്റ് നല്‍കി പ്രലോഭിപ്പിച്ച്‌ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തന്നെ തിരിച്ചറിയുമെന്ന ഭയത്തിലാണ് 15കാരന്‍ കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ഊഞ്ഞാലിന് സമീപം ഒരു യുവാവുമായി പെണ്‍കുട്ടി സംസാരിക്കുന്നത് കണ്ടുവെന്ന വിവരത്തെ തുടര്‍ന്നാണ് 15കാരനില്‍ പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിനിടെ 15കാരന്‍ കുറ്റം സമ്മതിച്ചു. 15കാരന്‍ സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചയാളാണെന്നും മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നതിന് അടിമയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 15കാരനെ ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ഹോമിലേക്ക് മാറ്റി.

Related News