മത്സ്യക്കയറ്റുമതി ക്രമക്കേട്: ലക്ഷദ്വീപ് എം.പിയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി

  • 16/02/2023

ലക്ഷദ്വീപ് മത്സ്യക്കയറ്റുമതി ക്രമക്കേടിൽ എം.പി പി പി മുഹമ്മദ് ഫൈസലിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്റേറ്റ് നീക്കം. ഇന്നലെ എറണാകുളം ഇ ഡി ഓഫീസിൽ ഹാജരായ മുഹമ്മദ് ഫൈസൽ തന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഇ ഡി തീരുമാനം. 

വധശ്രമക്കേസിൽ ജയിൽ മോചിതനായിട്ടും മുഹമ്മദ് ഫൈസലിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ വിടുന്ന മട്ടില്ല. ഇത്തവണ ലക്ഷദ്വീപിലെ ചൂര മത്സ്യക്കയറ്റുമതിയുമായി ബന്ധപ്പെട്ടണ് ഇ ഡി യുടെ നീക്കം. കയറ്റുമതിയിൽ അഴിമതിയുണ്ടെന്നും, എം പി ക്ക് സാമ്പത്തിക ഇടപാടിൽ പങ്കുണ്ടോയെന്നുമാണ് ഇ ഡി പരിശോധിക്കുന്നത്. ഇന്നലെ കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയ മുഹമ്മദ് ഫൈസലിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. 

ലക്ഷദ്വീപ് ഫിഷ് മാർക്കറ്റിംഗ് ഫെഡറേഷനാണ് മത്സ്യക്കയറ്റുമതി നടത്തിയതെയെന്നും അതിൽ തനിക്കോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഭാരവാഹിത്തമില്ലെന്നും മുഹമ്മദ് ഫൈസൽ എം പി ഇ ഡി മുൻപാകെ മൊഴി നൽകി. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ച ശേഷം വ്യക്തത വരുത്തി വീണ്ടും ചോദ്യം ചെയ്യാനായി നോട്ടീസ് നൽകും.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ രാഷ്ട്രീയ വൈരാഗ്യം തീർക്കലിന്റ മറ്റൊരു മുഖമാണ് ഇ ഡി ചോദ്യം ചെയ്യലിന് പിന്നിലെന്ന് മുഹമ്മദ് ഫൈസൽ എം പി പ്രതികരിച്ചു.

Related News