ഇന്ത്യൻ തെരഞ്ഞെടുപ്പിലെ ഇസ്രായേലി സംഘത്തിന്റെ ഇടപെടൽ; അന്വേഷണം വേണമെന്ന് കോൺഗ്രസ്സ്

  • 16/02/2023

ദില്ലി: ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഇസ്രായേലി സംഘത്തെ ഉപയോഗിച്ചുവെന്നാരോണത്തില്‍ അന്വേഷണം വേണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് വക്താക്കളായ പവന്‍ ഖേരയും സുപ്രിയ ശ്രീനതേയുമാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.


തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതില്‍ ഇസ്രായേലി കോണ്‍ട്രാക്ടര്‍മാരുടെ സംഘമായ 'ടീം ജോര്‍ജും' ബിജെപി ഐടി സെല്ലും തമ്മില്‍ സമാനത പുലര്‍ത്തിയെന്നും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും കോണ്‍ഗ്രസ് വക്താക്കള്‍ ആരോപിച്ചു.

ഇസ്രായേല്‍ സംഘമായ 'ടീം ജോര്‍ജ്' ഇന്ത്യയടക്കമുള്ള മുപ്പതോളം രാജ്യങ്ങളിലെ തെര‍ഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ വ്യാജ സോഷ്യല്‍ മീഡിയ പ്രചാരണത്തിനായി ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ മൗനം വെടിഞ്ഞ് രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കുന്നതില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് പറയണമെന്നും അന്താരാഷ്ട്ര ഏജന്‍സി ഗുരുതരമായ ആരോപണം ഉന്നയിക്കുമ്ബോള്‍ മറുപടി നല്‍കേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണെന്നും കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞു.

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാന്‍ സഹായം തേടുകയാണെന്നാണ് അര്‍ഥം. ഇന്ത്യക്കാരുടെ വിവരങ്ങള്‍ വിദേശ സ്ഥാപനത്തിന് കൈമാറിയെന്നും ഇരുവരും ആരോപിച്ചു.

Related News