വേദനയില്ലാത്ത മരണം ഗൂഗിളിൽ തിരഞ്ഞ യുവാവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് സാങ്കേതിക വിദ്യ

  • 16/02/2023

മുംബൈ: ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച യുവാവിനെ ജീവിതത്തിലേക്ക് തിരികെ കയറ്റിവിട്ട് 'സാങ്കേതികവിദ്യ'. എങ്ങനെ വേദനയില്ലാതെ മരിക്കാം എന്ന് ഗൂഗിളില്‍ തെരഞ്ഞ യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയിലെ നിയമ നിര്‍വഹണ ഏജന്‍സി ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് രക്ഷിക്കാന്‍ സാധിച്ചത്. മുംബൈ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയുടെ വക്കില്‍ എത്തി നിന്ന 25കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.


മുംബൈ കുര്‍ളയിലെ ഐടി കമ്ബനിയില്‍ ജോലി ചെയ്യുന്ന 25കാരനാണ് ജീവനൊടുക്കാന്‍ ഒരുങ്ങിയത്. ഇതിനായി വേദനയില്ലാതെ എളുപ്പത്തില്‍ മരിക്കുന്നതിനുള്ള വഴികള്‍ തേടി ഗൂഗിളില്‍ തെരഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ട യുഎസ് നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ- ഇന്റര്‍പോള്‍ മുംബൈ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

യുവാവിനെ കണ്ടെത്തുന്നതിന് അമേരിക്കന്‍ ഏജന്‍സി നല്‍കിയ ഐപി അഡ്രസ് അടക്കമുള്ള വിവരങ്ങള്‍ നിര്‍ണായകമായി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയതും ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തിയതും. തുടര്‍ന്ന് യുവാവിന് കൗണ്‍സിലിങ് നല്‍കിയതായി മുംബൈ പൊലീസ് അറിയിച്ചു.

സ്വകാര്യ കമ്ബനിയിലെ ഐടി എന്‍ജിനീയറാണ് യുവാവ്. വിദ്യാഭ്യാസത്തിനും മറ്റുമായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഭവന വായ്പയുടെ തിരിച്ചടവുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് യുവാവ് വിഷാദത്തിലായിരുന്നു. തുടര്‍ന്ന് ജീവനൊടുക്കാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അമേരിക്കന്‍ ഏജന്‍സി ന്യൂഡല്‍ഹിയിലെ ഇന്റര്‍പോള്‍ ഓഫീസിലാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. ഡല്‍ഹിയിലെ അധികൃതര്‍ വിവരം മുംബൈ പൊലീസിനെ ധരിപ്പിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച യുവാവിനെ കണ്ടെത്തി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചാണ് കൗണ്‍സിലിങ് നല്‍കിയതെന്നും പൊലീസ് പറയുന്നു.

Related News