ICF ഹാർമണി കോൺക്ലേവ്: മന്ത്രി രാധാകൃഷ്ണൻ മുഖ്യാതിഥി

  • 16/02/2023

 
കുവൈറ്റ് സിറ്റി: സ്നേഹ സമ്പന്നമായ കേരളപ്പെരുമ വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള ബോധവൽക്കരണവുമായി ഐ സി എഫ് 2023 ജനുവരി മുതൽ മാർച്ച്‌ വരെയുള്ള കാലയളവിൽ നടത്തുന്ന സ്നേഹകേരളം കാമ്പയിൻ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 17 വെള്ളിയാഴ്ച ഉച്ചക്ക് നടക്കുന്ന "ഹാർമണി കോൺക്ലേവ്" വെബിനാർ ആണ് രണ്ടാം ഘട്ടത്തിലെ പ്രധാന പരിപാടികളിലൊന്ന്. പ്രവാസ ലോകത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവർത്തങ്ങളും ജനകീയാടിത്തറയുമുള്ള ഐ സി എഫ് നടത്തുന്ന ഹാർമണി കോൺക്ലേവ്, വിശ്വാസാചാരങ്ങളുടെ പേരിൽ മനുഷ്യരെ വിഭജിക്കാനുള്ള ശ്രമങ്ങൾക്കെതിരായ തിരുത്തായിരിക്കും.
 
നമ്മുടെ സാമൂഹിക ജീവിതത്തെയും കൂട്ടായ്മകളെയും ഭിന്നിപ്പിച്ച് നിര്‍ത്താനും പരസ്പര വിദ്വേഷവും അകലവും വളര്‍ത്തിയെടുക്കാനും ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ജാതിഭേദവും മതദ്വേഷവുമില്ലാതെ പരസ്പരം ഒത്തൊരുമയോടെ ജീവിച്ച പ്രദേശങ്ങളില്‍ പോലുമിന്ന് ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രവര്‍ത്തനങ്ങൾ നടക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സ്നേഹ കേരളം കാമ്പയിൻ പ്രസക്തമാകുന്നത്.
 
ജനമനസുകളിലേക്ക് സ്നേഹ സൗഹൃദ സന്ദേശം നേരിട്ട് കൈമാറുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് മനുഷ്യരുമായി ഐ സി എഫ് പ്രവർത്തകർ ഇതിനകം നേരിട്ട് സംവദിക്കുകയുണ്ടായി. രണ്ടാഴ്ചക്കാലം നീണ്ടുനിന്ന 'മീറ്റ് ദി പീപ്പിൾ' എന്ന ഈ സന്ദേശ കൈമാറ്റത്തിൽ ഐ സി എഫ് ഘടകങ്ങളിലെ പ്രവർത്തകർ ഐതിഹാസികമായ മുന്നേറ്റമാണ് നടത്തിയത്. 

പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഹാർമണി കോൺക്ലേവിൽ മുഖ്യാതിഥിയായിരിക്കും. എസ്‌ വൈ എസ് സ്റ്റേറ്റ് കമ്മിറ്റി അംഗം മജീദ് അരിയല്ലൂർ, കുവൈറ്റ് ഇന്ത്യൻ ബിസിനസ് കൗൺസിൽ സെക്രെട്ടറി സുരേഷ്, ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ ഡോക്ടർ ബിനു മോൻ തുടങ്ങിയവർ സംബംന്ധിക്കും.

Related News