തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രസർക്കാരിന്റെ അടിമ ; ഉദ്ധവ് താക്കറെ

  • 18/02/2023

മുംബൈ :∙തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രസർക്കാരിന്റെ അടിമയാണെന്നും കമ്മിഷന്റെ തീരുമാനം ജനാധിപത്യത്തിന് അപകടമാണെന്നും ഉദ്ധവ് താക്കറെ . മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും അനുവദിച്ചതിനെതിരെയാണ്  മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ചത്. 

‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഞെട്ടിച്ചു. മുംബൈ മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് പാർട്ടി ചിഹ്നത്തിൽ തീരുമാനം എടുത്തത്. രണ്ട് മാസത്തിനുള്ളിൽ അവർ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്. ഞങ്ങൾക്ക് സുപ്രീംകോടതിയിൽ വിശ്വാസമുണ്ട്. ഷിൻഡെ വിഭാഗത്തിനൊപ്പമുളള 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുളള ഞങ്ങളുടെ ഹർജിയിൽ സുപ്രീംകോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ പാർട്ടി ചിഹ്നം ആർക്കെന്ന കാര്യത്തിൽ തീരുമാനം എടുക്കരുതെന്ന് ഞങ്ങൾ കോടതിയിൽ വാദിച്ചിരുന്നു. ’– താക്കറെ പറഞ്ഞു.

‘‘ഡൽഹിയിലുള്ളവർ മുംബൈയെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ സാധുത തീരുമാനിക്കുന്നത് അതിലെ അംഗങ്ങളുടെ എണ്ണമനുസരിച്ചാണ്. അതല്ലാതെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അടിസ്ഥാനമാക്കി എങ്ങനെ തീരുമാനിക്കും?’ – താക്കറെ ചോദിച്ചു.

‘‘വെള്ളിയാഴ്ച വൈകിട്ട് തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തുന്നതിനു മുൻപേ തന്നെ, ഷിൻഡെ വിഭാഗത്തിന് അനുകൂലമായിരിക്കും തീരുമാനമെന്ന് ഒരു ബിജെപി നേതാവും കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം വരും മുൻപേ അവർ എങ്ങനെയാണ് ഇക്കാര്യം അറിഞ്ഞത്? ബിജെപി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുകയാണെന്ന് ഇതിൽ വ്യക്തമല്ലേ? അടിമകളെപ്പോലെയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റം. രാഷ്ട്രീയ യജമാനൻമാരുടെ ഉത്തരവനുസരിച്ച് അവർ ചാണകം പോലും തിന്നുന്നു’ – താക്കറെ തുറന്നടിച്ചു.

Related News