'ഭാര്യ തെറി വിളിച്ചു, ഭക്ഷണം പാചകം ചെയ്തില്ല'; ആറ് വർഷത്തിനിടെ രണ്ടാം തവണയും വിവാഹ മോചനം തേടി ഭർത്താവ്

  • 18/02/2023

സൂറത്ത്: 45 കാരന് ആറ് വർഷത്തെ ഇടവേളയിൽ ഭാര്യയിൽ നിന്ന് രണ്ടാം തവണയും കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഇലാസ്റ്റിക് നിർമാണ യൂണിറ്റിലെ ജീവനക്കാരനായ യുവാവിനാണ് കുടുംബകോടതി രണ്ട് തവണയും വിവാഹമോചനം നൽകിയത്. 2015ൽ ഭാര്യ തന്നെ തെറിപറഞ്ഞെന്നും ഉപദ്രവിച്ചെന്നും പരാതിപ്പെട്ടാണ് ഇയാൾ വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി വിവാഹമോചനം അനുവദിച്ചെങ്കിലും ഭാര്യ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.

ഭാര്യയുടെ അപ്പീലിനെ തുടർന്ന് കേസ് നീണ്ടു. ഒടുവിസ് കേസ് വീണ്ടും കേൾക്കാൻ ഹൈക്കോടതി കുടുംബകോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് രണ്ടാം തവണയും കേസ് പരിഗണിച്ച കുടുംബ കോടതി വീണ്ടും വിവാഹമോചനം അനുവദിച്ചെന്നും  അഭിഭാഷകൻ മനൻ ചോക്‌സി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബേഗംപുര സ്വദേശിയായ ഇയാൾ 2006ൽ താനെ സ്വദേശിനിയെ വിവാഹിതരായി. ബന്ധത്തിൽ ഇവർക്ക് നാല് പെൺകുട്ടികളും ജനിച്ചു. 2015ലാണ് പ്രശ്‌നങ്ങളെ തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്. തുടർന്ന് ഇയാൾ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.

ഭാര്യ തനിക്കും കുട്ടികൾക്കും നേരെ അധിക്ഷേപകരമായ വാക്കുകൾ പ്രയോഗിച്ചെന്നും ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും ഭർത്താവ് ആരോപിച്ചു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച യുവാവ് യുവതിയുടെ വീട്ടുകാരുടെ സഹായം തേടിയെങ്കിലും യുവതി വഴങ്ങിയില്ല. യുവതി മാതാപിതാക്കളോടൊപ്പം താമസിക്കാൻ പോയപ്പോൾ വിവാഹമോചനത്തിനായി യുവാവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. 2017-ൽ കോടതി വിവാഹമോചനം അനുവദിച്ചു. 

എന്നാൽ, വാദം കേൾക്കുമ്പോൾ യുവതി കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചു. പുലർച്ചെ ഒരു മണി വരെ ഭാര്യ തന്നോട് വഴക്കിടാറുണ്ടെന്ന് ഇയാൾ ആരോപിച്ചു. ഭാര്യയുടെ ശല്യം കാരണം യുവാവ് ആത്മഹത്യയ്ക്കും ശ്രമിച്ചുവെന്നും അഭിഭാഷകൻ പറഞ്ഞു.

Related News