കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയയ്ക്കും രാഹുലിനും സ്ഥിരാംഗത്വം നൽകുന്നതിൽ ഏകാഭിപ്രായം

  • 20/02/2023

ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സ്ഥിരാംഗത്വം നൽകുന്നത് സംബന്ധിച്ച് ഭരണഘടന സമിതിയിൽ ഏകാഭിപ്രായം. നിർദ്ദേശം സ്റ്റിയറിംഗ് കമ്മിറ്റിയിൽ വയ്ക്കും. മുൻ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തിൽ മൻമോഹൻ സിംഗിനും സ്ഥിരാംഗത്വം നൽകും. അതേസമയം, തെലങ്കാന പി സി സി പ്രവർത്തക സമിതിയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ടു. പത്ത് വർഷമായി പരിഗണിക്കുന്നില്ലെന്നാണ് തെലങ്കാന പി സി സിയുടെ പരാതി.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാമനിർദ്ദേശം ചെയ്താൽ വേണ്ടെന്ന് പറയില്ലെന്ന് ശശി തരൂർ പ്രതികരിച്ചിരുന്നു. 25 വർഷത്തിന് ശേഷം കോൺഗ്രസ് പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്ലീനറി സമ്മേളനത്തിൻറെ ഹൈലൈറ്റ്. കഴിഞ്ഞ കാലങ്ങളിൽ തുടർന്ന് വരുന്ന നാമനിർദ്ദേശ രീതി വേണ്ടെന്ന അഭിപ്രായമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ പ്രിയങ്ക ഗാന്ധി  മുൻപോട്ട് വച്ചത്. തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്നും ഗാന്ധി കുടംബത്തിൻറെ പേരിൽ നോമിനേറ്റ് ചെയ്യപ്പേണ്ടെന്നുമാണ് പ്രിയങ്കയുടെ നിലപാട്. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടെയെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. 

സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും സ്ഥിരം പ്രവർത്തക സമിതി അംഗങ്ങളാക്കാൻ ആലോചന പുരോഗമിക്കുമ്പോൾ ഗാന്ധി കുടുംബത്തിൽ നിന്ന് മൂന്ന് പേരെന്ന വിമർശനം ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പിനെ പ്രിയങ്ക ഗാന്ധി സ്വാഗതം ചെയ്യുന്നത്. നേമിനേഷനിലൂടെ   ആശ്രിതരെ തിരുകി കയറ്റിയെന്ന ആക്ഷേപത്തെയും മറികടക്കാനുമാകും. അതേസമയം നിയമസഭ ലോക്‌സഭ തെരഞ്ഞെടുപ്പുകൾ അടുത്ത് വരുമ്പോൾ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തി പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് നോമിനേഷൻ മതിയെന്ന നിലപാടിലേക്ക് നേതൃത്വത്തിൽ ഭൂരിപക്ഷവും എത്തിയിരിക്കുന്നത്.

Related News