കശ്മീർ ഉൾപ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ആലോചനയുമായി കേന്ദ്രം

  • 20/02/2023

ശ്രീനഗർ: ജമ്മു കശ്മീരിലെ താഴ്വരയിലെ ഉൾപ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ ആലോചന. ജമ്മു കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ വൻതോതിൽ സൈനികരെ വിന്യസിച്ചിരുന്നു. മൂന്നര വർഷത്തിന് ശേഷം ഇത് പിൻവലിക്കാനാണ് ആലോചന. പുതിയ നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ നിയന്ത്രണരേഖയിൽ മാത്രമേ ഇനി സൈന്യത്തിന്റെ സാന്നിധ്യമുണ്ടാവുകയുള്ളൂ. 

കശ്മീർ ഉൾപ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള നിർദ്ദേശം രണ്ട് വർഷമായി ചർച്ചയിലുണ്ട്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങൾക്ക് പുറമെ, സായുധ സേന, പൊലീസ് എന്നിവർ കൂടി ഭാഗമായ വിശദമായ ചർച്ച ഇക്കാര്യത്തിൽ നടന്നിരുന്നു. 

സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ചർച്ചകളിൽ ഏകദേശ ധാരണയായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇനി ദില്ലിയിൽ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Related News