സ്ത്രീക്കും പുരുഷനും തുല്യ വിവാഹപ്രായം; ഹർജി തള്ളി സുപ്രീംകോടതി

  • 20/02/2023

ന്യൂഡല്‍ഹി: പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊതുവായ കുറഞ്ഞ വിവാഹ പ്രായം വേണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതു പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍ പെട്ട കാര്യമാണെന്നു വ്യക്തമാക്കിയാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.


നിയമം നിര്‍മിക്കുന്നതിനു പാര്‍ലമന്റിനു നിര്‍ദേശം നല്‍കാന്‍ കോടതിക്കാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. കോടതിക്കു നിയമം നിര്‍മിക്കാനാവില്ല, നിയമം നിര്‍മിക്കുന്നതിനു പാര്‍ലമെന്റിനെ ഉപദേശിക്കാനുമാവില്ല. ഭരണഘടനയുടെ സംരക്ഷണച്ചുമതല കോടതിക്കു മാത്രമല്ല, പാര്‍ലമെന്റിനും സമാനമായ റോളാണ് ഉള്ളതെന്ന് ബെഞ്ച് പറഞ്ഞു.

സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹ പ്രായം തുല്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വനി ഉപാധ്യായ ആണ് കോടതിയെ സമീപിച്ചത്. നിലവില്‍ പുരുഷന്മാരുടെ കുറഞ്ഞ വിവാഹ പ്രായം 21 വയസ്സും സ്ത്രീകളുടെത് 18ഉം ആണ്.

Related News