വിവാഹം കഴിഞ്ഞ് 2 ദിവസം; റിസപ്ഷനൊരുങ്ങാനായി കിടപ്പുമുറിയിലെത്തി, നവദമ്പതികൾ മരിച്ച നിലയിൽ

  • 22/02/2023

റായ്പ്പൂർ: ചത്തീസ്ഗഡിലെ റായ്പ്പൂരിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രിജ്നഗർ സ്വദേശി അസ്ലം (24), ഭാര്യ കകഷാബാനു( 22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വിവാഹ റിസപ്ഷന് തയ്യാറെടുക്കുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കിടപ്പുമുറിയിൽ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് അസ്ലം ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. ഞായറാഴ്ചയായിരുന്നു അസ്ലമിന്റെയും കകഷാബാനുവിന്റെയും വിവാഹം. ചൊവ്വാഴ്ച രാത്രിയായിരുന്നു റിസപ്ഷൻ ചടങ്ങുകൾ. റിസപ്ഷന് മുന്നോടിയായി ഒരുങ്ങാനായി മുറിയിലേക്ക് പോയതായിരുന്നു ഇരുവരും. 

അൽപ്പസമയത്തിനകം മുറിയിൽ നിന്നും പെൺകുട്ടിയുടെ അലർച്ച കേട്ട് ബന്ധുക്കൾ ഓടിയെത്തുകയായിരുന്നു. ഏറെ നേരം മുട്ടി വിളിച്ചിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ജനൽ വഴി മുറിയിലേക്ക് നോക്കിയപ്പോഴാണ് ഇരുവരും ചോരയിൽ കുളിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ബന്ധുക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസെത്തി മുറി കുത്തിത്തുറന്ന് അകത്ത് കയറുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ഉയോഗിച്ച കത്തി മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുവരും വാക്ക് തർക്കമുണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related News