കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കമാവും

  • 22/02/2023

ദില്ലി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കമാവും. പ്രതിപക്ഷസഖ്യത്തിലടക്കം നിര്‍ണായക പ്രമേയങ്ങള്‍ അവതരിപ്പിക്കും. പ്രവര്‍ത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂപൂര്‍ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.


കോണ്‍ഗ്രസ് ചരിത്രത്തിലെ എണ്‍പത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരില്‍ തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികള്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കും.1338 പേര്‍ക്കാണ് വോട്ടവകാശം. പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം മതിയെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്.

വൈകുന്നേരം ചേരുന്ന സബ്ജക്‌ട് കമ്മിറ്റി പ്രമേയങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിര്‍ണ്ണായക പ്രമേയങ്ങള്‍ അവതരിപ്പിക്കും. പ്രവര്‍ത്തക സമിതി അംഗബലം കൂട്ടല്‍, സമിതികളില്‍ 50% യുവാക്കള്‍ക്കും, പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണ മടക്കം നിര്‍ണ്ണായക ഭരണഘടന ഭേദഗതികള്‍ക്കും സാധ്യതയുണ്ട്.

Related News