'മെഡെക്സ്‌ കോഴിക്കോട് ഫെസ്റ്റ് 2023': മാർച്ച് 3ന് തുടക്കംക്കുറിക്കും

  • 23/02/2023



കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് പതിമൂന്നാം വാർഷികാഘോഷം 'മെഡെക്സ്‌ കോഴിക്കോട് ഫെസ്റ്റ് 2023' മാർച്ച് 3 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടക്കുകയാണ്. ആഘോഷ പരിപാടികൾ ഇന്ത്യൻ സ്ഥാനപതി ശ്രീ. ആദർശ് സ്വൈക ഉദ്ഘാടനം നിർവ്വഹിക്കും. 

സമൂഹത്തിൽ രോഗാവസ്ഥ മൂലം പ്രയാസമനുഭവിക്കുന്ന നിർദ്ധനരും, നിരാലംബരുമായവർക്ക് വേണ്ടി ചികിത്സാസഹായ സാമ്പത്തിക സമാഹരണമാണ് കോഴിക്കോട് ഫെസ്റ്റ് 2023 ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടി അസോസിയേഷൻ രൂപീകൃതമായതു മുതൽ പ്രവർത്തിക്കുന്ന കാരുണ്യം പദ്ധതി കാര്യക്ഷമമായി പ്രവർത്തിച്ചു വരികയാണ്. 

നാളിതുവരെ കാൻസർ, വ്യക്കരോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി ഗുരുതരമായ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിച്ചുകൊണ്ടിരിക്കയാണ്. ഇതിനോടൊപ്പം തന്നെ അംഗങ്ങൾക്ക് നേരിടുന്ന ജീവഹാനി, മറ്റു രോഗങ്ങൾ എന്നിവക്ക് കുടുംബക്ഷേമ പദ്ധതിയും പ്രവർത്തിക്കുന്നു. അസോസിയേഷൻ ക്ഷേമപദ്ധതിയിലൂടെയും കാരുണ്യം പദ്ധതിയിലൂടെയും ഒരു കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ ഇതിനോടകം വിതരണം പൂർത്തിയായി. കോഴിക്കോട് ജില്ല കേന്ദ്രമാക്കിയുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് ഒട്ടനവധി അപേക്ഷകൾ നമ്മുടെ മുന്നിൽ എത്തിയിട്ടുണ്ട്‌. ഇതെല്ലം പൂർത്തികരിക്കാൻ കോഴിക്കോട് ഫെസ്റ്റ് പോലുള്ള പരിപാടികളിലൂടെ തുക സമാഹരിക്കുകയാണ് ലക്ഷ്യം.

കോഴിക്കോടിന്റെ മതേതരപാരമ്പര്യം ഉയർത്തിപ്പിടിച്ചു കൊണ്ട് മതസൗഹാർദ്ദം പരിപോഷിപ്പിക്കാനുതകുന്ന വിവിധ ആഘോഷങ്ങൾ അസോസിയേഷൻ സംഘടിപ്പിക്കുകയുണ്ടായി. ഇഫ്ത്താർ സംഗമം, ഓണം ഈദ് ആഘോഷം, ക്രിസ്തുമസ് പുതുവത്സരാഘോഷം എന്നിവ ഇതിൽപെടുന്നവയാണ്. ഈ പരിപാടികളെല്ലാം തന്നെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. 

അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മഹിളാവേദിയും, ബാലവേദിയും കഴിഞ്ഞ വർഷം മികച്ച പ്രവർത്തനമാണ് കാഴ്ച്ചവെച്ചത്. മെഡിക്കൽ സെമിനാർ, മെഡിക്കൽ ക്യാമ്പ്, മാതൃഭാഷ പഠന ക്ലാസ്സുകൾ എന്നിവ എടുത്തു പറയേണ്ട മറ്റു പരിപാടികളാണ്. കൊറോണ മഹാമാരി കാലത്ത് അംഗങ്ങൾക്കും മറ്റുള്ളവർക്കും ഭക്ഷണ കിറ്റുകളും മരുന്നുകളും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചുകൊടുക്കാനും കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് ചാർട്ടേർഡ് വിമാനം ഏർപ്പാട് ചെയ്യാനും അസോസിയേഷന് കഴിഞ്ഞു. ആഘോഷ പരിപാടികൾ മാറ്റിവെച്ച് കൊറോണ കാലത്ത് നാട്ടിൽ കുടുങ്ങിയ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും അസോസിയേഷന് കഴിഞ്ഞു.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സ്നയാണ് കോഴിക്കോട് ഫെസ്റ്റ് 2023 ന്റെ സംഗീത വിരുന്ന് നയിക്കുന്നത്. മലയാള സിനിമാ പിന്നണി ഗായകരായ സിയ ഉൾ ഹഖ്, ലക്ഷ്മി ജയൻ എന്നിവർ സംഗീത സായാഹ്നത്തിൽ പങ്കെടുക്കുന്നു. കൂടാതെ കുവൈറ്റിലെ കലാകാരന്മാരുടെ നൃത്താവിഷ്കാരവും അരങ്ങിലെത്തുന്നു. 

Related News