വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാനില്ല; പദയാത്ര നടത്തി ഒരു സംഘം യുവാക്കൾ

  • 23/02/2023

വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാത്തതിന്റെ പേരിൽ പദയാത്ര നടത്തി ഒരു സംഘം യുവാക്കൾ. കര്‍ണാടകയിലെ കര്‍ഷക യുവാക്കളാണ് കല്യണം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാനില്ലാത്തതിനാല്‍ പദയാത്ര നടത്തിയത്. 'എഞ്ചിനീയര്‍മാര്‍ക്ക് കല്യാണം കഴിക്കാം, ഡോക്ടര്‍മാര്‍ക്ക് കല്യാണം കഴിക്കാം, ഞങ്ങള്‍ക്ക് മാത്രം കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികളില്ല' - ഈ പരാതിയുമായിട്ടാണ് കര്‍ണാടകയിലെ യുവ കര്‍ഷകരുടെ പദയാത്ര. വധുവിനെ കിട്ടാനുള്ള നേര്‍ച്ചയുമായി ഇവര്‍ ചാമരാജ് നഗറിലുള്ള വനക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തിയത്.

നൂറ്റമ്ബതുപേരടങ്ങുന്ന സംഘമാണ് ഈ വനക്ഷേത്രത്തിലേക്ക് നേര്‍ച്ചയുമായി പദയാത്ര സംഘടിപ്പിച്ചത്. പൂജക്ക് ശേഷം കാവി കൊടി ഉയര്‍ത്തിയുള്ള ഫ്ലാഗ് ഓഫും നടത്തിയാണ് യുവാക്കള്‍ പദയാത്ര ആരംഭിച്ചത്. 150 പേരും മുപ്പത് കഴിഞ്ഞ യുവാക്കളാണെന്നും കല്യാണം നടക്കുന്നിനല്ലെന്നും അതുകൊണ്ടാണ് ഇത്തരമൊരു പദയാത്ര നടത്തേണ്ടിവന്നതെന്നും കര്‍ഷക യുവാവായ ഷണ്‍മുഖസുന്ദരം പറഞ്ഞു. ബെംഗളുരു, മംഗളുരു, ശിവമൊഗ്ഗ എന്നിങ്ങനെ കര്‍ണാടകയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ഒത്തുകൂടിയത്. ഭൂരിഭാഗവും കര്‍ഷകര്‍ തന്നെയാണ്. പിന്നെയുള്ളവരാകട്ടെ നിത്യത്തൊഴിലാളികലും. ഇവര്‍ എല്ലാവരും ഉന്നയിക്കുന്ന പ്രശ്നം ഒന്നാണ്. കല്യാണം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയില്ല!.

എഞ്ചിനീയറോ ഡോക്ടറോ പോലെയൊരു ജോലിയല്ലേ സര്‍ കൃഷിപ്പണിയും? പിന്നെ ഞങ്ങളോട് മാത്രമെന്തിനാണ് ഈ വിവേചനം? എന്നാണ് ഷണ്‍മുഖസുന്ദരം ചോദിക്കുന്നത്. ഈ വിവേചനത്തിലെ പ്രതിഷേധം കൂടിയാണ് ഇങ്ങനെയൊരു പദയാത്രക്ക് പിന്നിലെന്നും അദ്ദേഹം വിവരിച്ചു. കല്യാണം കഴിക്കാന്‍ ബ്രോക്കര്‍മാരെ കണ്ടാല്‍ പോരേ? അല്ലെങ്കില്‍ മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ പോരേ? എന്തിനാണ് പദയാത്ര? എന്നൊക്കെ ചോദിച്ചാല്‍ ഈ യുവാക്കള്‍ക്ക് മറുപടിയുണ്ട്. അതൊന്നും നടക്കാഞ്ഞിട്ടാണ്, അല്ലെങ്കില്‍ പെണ്ണ് കിട്ടാഞ്ഞിട്ടാണ് ഇങ്ങനെയൊരു പദയാത്ര വേണ്ടിവന്നതെന്ന് ഇവര്‍ പറയും.

പൂജയും ആരതിയുമൊക്കെയായി ഇവരെ ആശീര്‍വദിച്ച്‌ വിടുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. മാണ്ഡ്യ കെ എം ദൊഡ്ഡിയില്‍ നിന്ന് കാട്ടിന് നടുവിലുള്ള മാലെ മഹാദേശ്വര ക്ഷേത്രത്തിലേക്കാണ് ഇവര്‍ പദയാത്ര നടത്തുന്നത്. ശനിയാഴ്ച ഇവര്‍ ക്ഷേത്രത്തിലെത്തി തൊഴുത് മടങ്ങും. അപ്പോഴേക്ക് കല്യാണം കഴിക്കാന്‍ ഇവര്‍ക്കൊരു പെണ്‍കുട്ടിയെ കിട്ടുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

Related News