കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗട്ടിലെ റായ്പൂരില്‍ ഇന്ന് തുടക്കം

  • 23/02/2023

ദില്ലി : കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗട്ടിലെ റായ്പൂരില്‍ ഇന്ന് തുടക്കം. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഇന്നറിയാം. രാവിലെ പത്ത് മണിക്ക് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തീരുമാനം ഉണ്ടാകും. തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും നടക്കട്ടെയെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. വൈകീട്ട് ചേരുന്ന സബ്ജക്‌ട് കമ്മിറ്റി, പ്ലീനറിയില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കും


അതേസമയം തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ പുതിയ പ്രവര്‍ത്തക സമിതി വൈകിയേക്കും. നാമനിര്‍ദ്ദേശത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖര്‍ഗയെ ചുമതലപ്പെടുത്താനാണ് നീക്കം. അങ്ങനെയെങ്കില്‍ പ്രഖ്യാപനത്തിന് കാലതാമസമെടുക്കും.

കോണ്‍ഗ്രസ് ചരിത്രത്തിലെ എണ്‍പത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികള്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കും.1338 പേര്‍ക്കാണ് വോട്ടവകാശം. പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിര്‍ണ്ണായക പ്രമേയങ്ങള്‍സമ്മേളനത്തില്‍ അവതരിപ്പിക്കും. 

Related News