പൂര്‍വവിദ്യാര്‍ഥി പെട്രോളൊഴിച്ചു തീകൊളുത്തി; ചികിത്സയിലായ പ്രിന്‍സിപ്പല്‍ മരിച്ചു

  • 25/02/2023

ഇന്‍ഡോര്‍; പൂര്‍വവിദ്യാര്‍ഥി പെട്രോളൊഴിച്ചു തീകൊളുത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായ പ്രിന്‍സിപ്പല്‍ മരിച്ചു. ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മയാണ്(54) മരിച്ചത്. ആക്രമണത്തില്‍ 70 ശതമാനം പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിമുക്ത ശര്‍മ ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ആശുപത്രിയില്‍ മരിച്ചത്. മാര്‍ക്ക് ലിസ്റ്റ് വൈകിയെന്നാരോപിച്ചാണ് 24കാരനായ അശുതോഷ് ശ്രീവാസ്തവ ആക്രമണം നടത്തിയത്.


ഫെബ്രുവരി 20നാണ് ദാരുണ സംഭവമുണ്ടാകുന്നത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വിമുക്തയെ ആക്രമിച്ചശേഷം പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ അശുതോഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ ഏഴാമത്തെ സെമസ്റ്ററില്‍ പരാജയപ്പെട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.

അശുതോഷ് സ്ഥിരമായി കോളജിലെത്തി ഭീഷണിപ്പെടുത്തുന്നുവെന്നും ആത്മഹത്യാ ഭീഷണി ഉന്നയിക്കുന്നുവെന്നും പറഞ്ഞ് മൂന്നു തവണയാണ് വിമുക്ത ശര്‍മയും കോളജിലെ മറ്റു ജീവനക്കാരും പൊലീസില്‍ പരാതി നല്‍കിയത്. കൂടാതെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ ഇതേ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ഡോ. വിജയ് പട്ടേലിനെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അയാള്‍ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലുമായി അശുതോഷ് നിരവധി തവണ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കോളജ് മാനേജ്മെന്റ് വ്യക്തമാക്കി.

അശുതോഷിന് എതിരായ പരാതിയില്‍ നടപടി വൈകിച്ചതിന് സിംറോള്‍ പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സഞ്ജീവ് തിവാരിയെ സസ്പെന്‍ഡ് ചെയ്തു. അശുതോഷ് ശ്രീവാസ്തവയെ വെളളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊലപാതക ശ്രമത്തിന് കുറ്റം ചാര്‍ത്തി അന്വേഷണത്തിലായ അശുതോഷിനെതിരെ കൊലപാതകത്തിനുള്ള വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും എസ്പി പറഞ്ഞു.

Related News