അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും: പ്ലീനറി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ച് കോൺഗ്രസ്സ്

  • 25/02/2023

ദില്ലി: അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്‍്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ്. റായ്പൂരിലെ പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുമെന്ന നിലപാട് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അതേസമയം കശ്മീരിന് പ്രത്യേക പദവി നല്‍കിയ 370-ാം വകുപ്പ് റദ്ദാക്കിയതിലും പുനസ്ഥാപിക്കുന്നതിലും പ്രമേയത്തില്‍ പരാമ‍ര്‍ശമില്ല. ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തില്‍ രാജ്യതാല്‍പര്യം സംരക്ഷിക്കുമെന്ന് മറ്റൊരു പ്രമേയത്തില്‍ പാര്‍ട്ടി വ്യക്തമാക്കുന്നു.


മതത്തിന്‍്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്യം ഉറപ്പ് വരുത്തുമെന്നും മറ്റു പ്രമേയങ്ങളില്‍ പാര്‍ട്ടി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകുന്ന കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദ് ചെയ്യുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാനായി ഡേറ്റാ പ്രൊട്ടക്ഷന്‍ നിയമം കൊണ്ടുവരും. ന്യായ് പദ്ധതി നടപ്പാക്കുമെന്നും നഗരങ്ങളില്‍ പ്രത്യേക തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരുമെന്നും പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച വിവിധ പ്രമേയങ്ങളില്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് വിശാല പ്രതിപക്ഷ സഖ്യത്തിന് സന്നദ്ധത പ്രഖ്യാപിച്ചുള്ള പ്രമേയവും റായ്പൂര്‍ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മൂന്നാം മുന്നണി സാധ്യത തള്ളിയ രാഷ്ട്രീയപ്രമേയം ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ സമാനമനസുള്ള ഏത് പാര്‍ട്ടിയുമായും കൈകോര്‍ക്കുമെന്നും വ്യക്തമാക്കുന്നു. പ്രവര്‍ത്തക സമിതിയുടെ അംഗസംഖ്യ 25-ല്‍ നിന്നും 35 ആക്കിയ ഭരണഘടന ഭേദഗതിക്കും റായ്പൂരില്‍ നടക്കുന്ന പ്ലീനറി സമ്മേളനം അംഗീകാരം നല്‍കി.

Related News