മദ്യനയ കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

  • 26/02/2023

ദില്ലി: മദ്യനയ കേസിൽ ദില്ലി ഉപമുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു.  ദില്ലി സിബിഐ ആസ്ഥാനത്തെ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സിബിഐ രജിസ്റ്റർ ചെയ്ത മദ്യ നയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ.  

ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് അറസ്റ്റിന് പിന്നാലെ എഎപി പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് വ്യാജ കേസിൽ സിബിഐ അറസ്‌റ് ചെയ്തതെന്നും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്നും ആംആദ്മി  ട്വീറ്റ് ചെയ്തു. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ  സിബിഐ ആസ്ഥാനത്തിനു ചുറ്റും പൊലീസ് നിരോധനാജ്ഞയും വൻ സുരക്ഷയും ഏർപ്പെടുത്തി. 

ആംആദ്മി പാർട്ടി പ്രവർത്തകർക്കൊപ്പമാണ് രാവിലെ ചോദ്യം ചെയ്യലിനായി മനീഷ് സിസോദിയ സിബിഐക്ക് മുന്നിലെത്തിയത്. അതിന് തൊട്ടുമുമ്പ് താൻ ഭഗത് സിംഗിന്റെ അനുയായിയാണെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും സിസോദിയയുടെ ട്വീറ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു ആംആദ്മി പാർട്ടിയും.

Related News