കുവൈത്ത്: വിദേശികളുടെ ക്ഷേമൈശ്വര്യങ്ങൾ കൂടുതൽ പരിഗണിച്ച രാജ്യം: ഡോ. ഹകീം അസ്ഹരി

  • 26/02/2023


കുവൈത്ത് സിറ്റി: സ്വദേശി പൗരന്മാർക്കൊപ്പം വിദേശികളുടെ കൂടി ക്ഷേമൈശ്വര്യങ്ങൾക്ക് ഉയർന്ന പരിഗണന നൽകുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന രാജ്യമാണ് കുവൈത്തെന്നും ഇവിടത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യൻ ജനതയുമായും അവരുടെ സംസ്കാരവുമായും ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കുന്ന ഈ രാജ്യത്തിൻ്റെ ഭരണാധികാരികളെ സല്യൂട്ട് ചെയ്യുന്നു എന്നും സമസ്ത കേരള സുന്നീ യുവജന സംഘം സംസ്ഥാന ജനറൽ വെക്രട്ടറിയും മർക്കസ് ഡയറക്ടറുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി പ്രസ്താവിച്ചു.
കുവൈത്ത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ഐസിഎഫ് കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഉപജീവനം തേടുന്ന രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥകൾ അംഗീകരിക്കുന്നവരാകണം നാമെന്നും വിധ്വംസക പ്രവർത്തനങ്ങളോ നിയമലംഘനങ്ങളോ ഒരിക്കലും നമ്മുട ഭാഗത്തു നിന്ന് ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം ഇന്ത്യൻ ജനതയെ ആഹ്വാനം ചെയ്തു. കുവൈത്തിലെ ഏറ്റവും വലിയ വിദേശ സമൂഹം ഇന്ത്യക്കാരായ നാമാണ്.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ സാംസ്കാരിക ബന്ധം ഊഷ്മളമാണെന്നും അത് ശാശ്വതമായി നിലനിർത്താൻ നാം ബാധ്യസ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ദേശീയ ദിനവും വിമോചന ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ കുവൈത്ത് ജനതക്കും ഭരണകൂടത്തിനും അദ്ദേഹം ആശംസകൾ നേർന്നു. 

ദസ്മ ടീച്ചേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന വിപുലമായ നാഷനൽ ഡെ പരിപാടി അബ്ദുൽ ഹകീം ദാരിമിയുടെ അദ്ധ്യക്ഷതയിൽ കുവൈറ്റ് സൊസൈറ്റി ഫോർ ഇസ്ലാമിക് എഡ്യൂകേഷൻ ചെയർമാൻ ഡോക്ടർ അഹ്‌മദ്‌ അൽ നിസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. തൻവീർ പ്രസംഗിച്ചു. അബ്ദുല്ല വടകര സ്വാഗതവും അബു മുഹമ്മദ് നന്ദിയും പറഞ്ഞു.

ആഘോഷത്തിൻ്റെ ഭാഗമായി ഐസിഎഫ് മദ്രസകളിലെ വിദ്യാർത്ഥികളുടെ പ്രത്യേക പരേഡ്, ദേശീയ ഗാനാലാപം, സമൂഹ റാലി എന്നിവ നടന്നു. അഹ്‌മദ്‌ കെ മാണിയൂർ, അലവി സഖാഫി തെഞ്ചേരി, ശുകൂർ മൗലവി കൈപ്പുറം, സാലിഹ് കിഴക്കേതിൽ, ബശീർ അണ്ടിക്കോട്, റഫീഖ് കൊച്ചനൂർ, സമീർ മുസ്‌ലിയാർ, അസീസ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

Related News