ഭര്‍ത്താവിനെ ദത്ത് നല്‍കാന്‍ തയ്യാറാണെന്ന് പരസ്യം നല്‍കി യുവതി; പരസ്യം നൽകിയത് നായ്ക്കുട്ടിയെ വീട്ടിൽ താമസിപ്പിക്കാൻ

  • 26/02/2023

സുന്ദരനും സുമുഖനുമായ ഭര്‍ത്താവിനെ ദത്ത് നല്‍കാന്‍ തയ്യാറാണെന്ന് പരസ്യം നല്‍കി യുവതി. സോണാലി എന്ന യുവതിയാണ് ഭര്‍ത്താവിനെ ദത്ത് നല്‍കാന്‍ തയ്യാറാണെന്ന് പരസ്യം നല്‍കി. പരസ്യം സോഷ്യല്‍മീഡിയയില്‍ വൈറലായി. ഭര്‍ത്താവിന് നായകളോട് അലര്‍ജിയുള്ളതാണ് യുവതിയുടെ പരസ്യത്തിന് പിന്നിലുള്ള കാരണം. ഭര്‍ത്താവായ ഗൗരവിന് സര്‍പ്രൈസ് സമ്മാനമായി 20,000 രൂപയ്ക്ക് ജര്‍മന്‍ ഷെപ്പേര്‍ഡിനെ വാങ്ങി. ഭര്‍ത്താവ് സന്തോഷം കൊണ്ട് മതിമറക്കുമെന്നായിരുന്നു സോണാലിയുടെ ധാരണ.


എന്നാല്‍ പട്ടിക്കുട്ടിയുമായി വീട്ടിലെത്തിയപ്പോഴാണ് സംഭവം പാളിയത്. ഭര്‍ത്താവിന് നായ്ക്കളോട് അലര്‍ജി. ഇതറിഞ്ഞതോടെയാണ് പട്ടിക്കുട്ടിയെ വീട്ടില്‍ താമസിപ്പിച്ച്‌ ഭര്‍ത്താവിനെ ദത്തുനല്‍കാന്‍ യുവതി തീരുമാനിച്ചത്. ലിയോ എന്നാണ് സോണാലി നായ്ക്കുട്ടിക്ക് പേരിട്ടത്. യുവതിയുടെ സുഹൃത്താണ് സംഭവത്തെക്കുറിച്ച്‌ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

സുഹൃത്തിന്റെ ഭര്‍ത്താവിനായി അടിയന്തിരമായി ഒരു വീട് വേണം. ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിക്കുക. സുഹൃത്ത് സൊണാലി 20000 രൂപക്ക് ഭര്‍ത്താവിന് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാനായി നായക്കുട്ടിയെ വാങ്ങി. എന്നാല്‍ ഭര്‍ത്താവ് ഗൗരവിന് നായ്ക്കളോട് അലര്‍ജിയുണ്ടെന്ന് വീട്ടിലെത്തിയപ്പോഴാണ് മനസ്സിലായത്.

അതുകൊണ്ടു തന്നെ സോണാലി ഇപ്പോള്‍ ഭര്‍ത്താവിനായി ഒരു പുതിയ വീട് തേടുകയാണ്. ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിക്കുക. ഗൗരവിന് 29 വയസ്സുണ്ട്, ബൈക്ക് ഓടിക്കാനും പാചകം ചെയ്യാനും അറിയാം. സുന്ദരനുമാണ്- പോസ്റ്റില്‍ പറയുന്നു. എന്നാല്‍, ഭര്‍ത്താവിനെ ദത്തെടുക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. പരസ്യം വൈറലായതോടെ നിരവധി പേര്‍ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുമായെത്തി. നായ്ക്കുട്ടിക്ക് ഭര്‍ത്താവിനെക്കാള്‍ പരിഗണന നല്‍കുന്നത് എന്തിനാണെന്ന് പലരും ചോദിച്ചു. ഗൗരവിന് കാറോടിക്കാനറിയുമെങ്കില്‍ ദത്തെടുക്കാമെന്നും പ്രതികരണം വന്നു. മനുഷ്യരേക്കാള്‍ നന്ദി നായ്ക്കള്‍ക്കാണെന്നും അതുകൊണ്ട് ഭര്‍ത്താവിനെ ദത്ത് നല്‍കാനുള്ള തീരുമാനം നന്നായെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Related News