അഗ്‌നിപഥിൽ കേന്ദ്ര സർക്കാരിന് ആശ്വാസ വിധി; പദ്ധതി ശരിവെച്ച് ദില്ലി ഹൈക്കോടതി

  • 27/02/2023

ദില്ലി: ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട അഗ്‌നിപഥ് പദ്ധതിക്കെതിരായ കേസിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. അഗ്‌നിപഥ് പദ്ധതി ശരിവെച്ച് ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. പദ്ധതിയിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പദ്ധതിക്കെതിരായ എല്ലാ ഹർജികളും കോടതി തള്ളി. രാജ്യ താൽപര്യം ലക്ഷ്യം വച്ചാണ് പദ്ധതിയെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞു. സൈന്യത്തെ നവീകരിക്കാനാണ് പദ്ധതിയെന്ന് വ്യക്തമാക്കിയ കോടതി, അഗ്‌നിപഥിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിർത്തി വെച്ചതിനെതിരായ ഹർജിയും തള്ളി.

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദുമടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. കേന്ദ്രസർക്കാർ 2022 ജൂൺ 14-ന് പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം  ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. അഗ്‌നിപഥുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹർജികളും  ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. പദ്ധതി നിയമവിരുദ്ധമാണെന്നും നേരത്തെ നടത്തിയ റിക്രൂട്‌മെന്റുകൾ ഒറ്റയടിക്ക് നിർത്തലാക്കിയ നടപടി തെറ്റാണെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ ഹർജികൾ തള്ളണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. 

അൻപതിനായിരം യുവാക്കളെ ഓരോ വർഷവും ഹ്രസ്വകാലത്തേക്ക് സൈന്യത്തിലെടുക്കാനുള്ളതാണ് അഗ്‌നിപഥ് പദ്ധതി. മൂന്ന് സേനകളുടെയും തലവന്മാരാകും ഇത് പ്രഖ്യാപിക്കുക. ടൂർ ഓഫ് ഡ്യൂട്ടി മാത്യകയിലുള്ള സൈനിക സേവനത്തിലൂടെ  പതിനേഴര മുതൽ 21 വയസു വരെ പ്രായമുള്ളവർക്ക് സൈന്യത്തിൽ ചേരാൻ അവസരം ലഭിക്കും.  പദ്ധതി പ്രകാരം എത്തുന്നവരെ അഗ്‌നിവീർ എന്നാകും വിളിക്കുക. ആറ് മാസത്തെ പരിശീലനം ഉൾപ്പെടെ നാല് വർഷത്തേക്ക് 30000 രൂപ മാസ ശമ്പളത്തോടെയാകും നിയമനം.

Related News