'മോദി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു'; സിസോദിയയുടെ അറസ്റ്റിൽ സിപിഐഎം

  • 27/02/2023

മദ്യ നയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുയടെ അറസ്റ്റിനെ അപലപിച്ച് സിപിഐഎം. നരേന്ദ്രമോദി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ വിമർശിച്ചു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന ഇടങ്ങളിൽ നേതാക്കൾക്കെതിരെ കേസെടുക്കുകയാണ്. അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും സിപിഐഎം പി ബി കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും ലക്ഷ്യമിട്ട് സർക്കാർ ഏജൻസികളെ 'ത്രിശൂലം' പോലെ ദുരുപയോഗം ചെയ്യുകയാണെന്ന് പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. 'മനീഷ് സിസോദിയയുടെ അറസ്റ്റിനെ സിപിഐഎം ശക്തമായി അപലപിക്കുന്നു. വോട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപിക്ക് തങ്ങളെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയാതെ വരുമ്പോൾ കേന്ദ്ര ഏജൻസികളെ ത്രിശൂലമായി ദുരുപയോഗം ചെയ്യുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ആക്രമിക്കുന്ന ബിജെപിയുടെ ദേശീയ നയത്തിന്റെ ഭാഗമാണ് സിസോദിയയുടെ അറസ്റ്റ്. ബിജെപിക്ക് മറ്റൊന്നും ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് ഇത്തരം ആക്രമണങ്ങൾ.

മദ്യനയ അഴിമതി കേസിൽ സിബിഐ അറസ്റ്റുചെയ്ത മനീഷ് സിസോദിയയെ കോടതിയിൽ ഹാജരാക്കി. കനത്ത പൊലീസ് സുരക്ഷയിലാണ് സിസോദിയയെ ഡൽഹി റോസ് അവന്യു കോടതിയിൽ എത്തിച്ചത്. സിസോദിയയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് സിബിഐ കോടതിയിൽ അറിയിച്ചിരിക്കുന്നത്. മദ്യനയത്തിൽ മാറ്റം കൊണ്ടുവരാൻ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയെന്നും സിബിഐ കോടതിയെ അറിയിച്ചു.

Related News