മെഗാ അവയവ ദാന കാമ്പയിനുമായി ഗ്രീൻ ക്രോസ് കുവൈത്ത്

  • 12/03/2023



കുവൈത്ത് ട്രാൻസ്പ്ലാൻറ് സൊസൈറ്റിയുമായി സഹകരിച്ച് ആറുമാസം നീണ്ടു നിൽക്കുന്ന മെഗാ ഓർഗൻ ഡോണേഷൻ കാമ്പയിന് തുടക്കം കുറിച്ചതായി ഗ്രീൻ ക്രോസ് കുവൈത്ത് ഭാരവാഹികൾ അറിയിച്ചു. അവയവ ദാന രംഗത്ത് ഒരു പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണെന്ന് കാമ്പയിനു വേണ്ടി കുവൈത്തിലെത്തിയ ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു. പ്രവാസികൾക്ക് തങ്ങൾക്ക് വരുമാനം നൽകുന്ന ഈ രാജ്യത്തിന് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ് അവയവ ദാനം. ജിസിസി രാജ്യങ്ങൾക്കിടയിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള കുവൈത്തിനെ ഒന്നാം സ്ഥാനത്തെത്തിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് ട്രാൻസ്പ്ലാൻറ് സൊസൈറ്റി ചെയർമാൻ ഡോ. മുസ്തഫ മൂസവി പറഞ്ഞു. ഒരു മനുഷ്യൻ മരിച്ചുകഴിഞ്ഞാൽ അവയവങ്ങൾ ദിവസങ്ങൾക്കകം പുഴുവരിച്ച് നശിക്കും. എന്നാൽ മരണശേഷം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാവുന്നതിലൂടെ എട്ടുപേർക്ക് വരെ പുതുജീവൻ നൽകുന്നതിന് സഹായിക്കുന്ന ഈ മഹത്തായ കാരുണ്യ പദ്ധതി മുഴുവൻ ആളുകളും ഏറ്റെടുക്കണമെന്നും അവയവ ദാനത്തിന് സന്നദ്ധരായി മുന്നോട്ടു വരണമെന്നും ഗ്രീൻ ക്രോസ് കുവൈത്ത് മുഴുവൻ പ്രവാസികളോടും അഭ്യർഥിച്ചു.

മലയാളി സമൂഹത്തിൽ നിന്നും തുടങ്ങി അടുത്ത ഘട്ടത്തിൽ മുഴുവൻ ഇന്ത്യക്കാർക്കിടയിലും അവയവ ദാന ബോധവൽക്കരണം, ഇതിനായി കീ റിസോഴ്സ് പേഴ്സൺസ് പൂൾ ഉണ്ടാക്കുന്നതിനായി വളണ്ടിയർ ട്രെയിനിംഗ്, മുഴുവൻ സംഘടനാ ഭാരവാഹികളുടെയും യോഗം, ഇൻഡ്യൻ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം, *വിവിധ കമ്പനികളിലും കേമ്പുകളിലും പരിപാടികൾ, ആശുപത്രികൾ ഉൾപടെ വിവിധ മന്ത്രാലയങ്ങളിൽ ബോധവൽക്കരണം*,  ബോധവൽക്കരണ ബ്രോഷറുകളുടെ വിതരണം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കാമ്പയിൻ സമാപനമായി ഡോണർമാരെ ആദരിക്കുന്ന വിപുലമായ സമ്മേളനം സംഘടിപ്പിക്കും. 

കാമ്പയിന്റെ വിജയത്തിനായി കോർ കമ്മിറ്റിയെയും കോഡിനേഷൻ കമ്മിറ്റിയെയും തീരുമാനിച്ചിട്ടുണ്ട്.

ഫാ. ഡേവിസ് ചിറമേൽ അദ്ധ്യക്ഷനായ കോർ കമ്മിറ്റിയുടെ ചീഫ് കോഡിനേറ്റർ ഹബീബുല്ല മുറ്റിച്ചൂർ ആണ്. രാജൻ തോട്ടത്തിൽ, എൻ എസ് ജയൻ, ജെ. സജി, ബാബുജി ബത്തേരി, സുരേഷ് കെ.പി., ടോം ജോർജ്, ഖലിൽ റഹ്മാൻ, വിജേഷ്, എൽദോ, ആഷിഷ് എന്നിവരാണ് കോർ കമ്മിറ്റി അംഗങ്ങൾ.

കാമ്പയിൻ വിജയിപ്പിക്കുന്നതിൽ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള വ്യക്തികളും സംഘടനകളും മാധ്യമങ്ങളും നിർണായക പങ്കാണ് വഹിക്കുന്നത്. ഒരേ മസസ്സോടെ മാനവികതയുടെ മഹാ കാരുണ്യ പദ്ധതി വിജയിപ്പിക്കാൻ സഹകരിക്കണമെന്ന് ഫാദർ ഡേവിസ് ചിറമേൽ അഭ്യർഥിച്ചു.

Related News