കുവൈത്ത് കെ.എം.സി.സി. മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ഐക്യദാർഢ്യം സംഘടിപ്പിച്ചു

  • 12/03/2023


കുവൈത്ത് സിറ്റി: മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തോടനുബന്ധിച്ച് കുവൈത്ത് കെ.എം.സി.സി. ഐക്യദാർഢ്യവും മർഹൂം ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു.

സ്നേഹത്തിൻറെയും ചേർത്തുപിടിക്കലിന്റെയും രാഷ്ട്രീയമാണ് ലീഗ് മുന്നോട്ട് വെക്കുന്നതെന്നും ആ രാഷ്ട്രീയത്തിനു മാത്രമേ ജനകീയ അടിത്തറയോടുകൂടി നമ്മുടെ രാജ്യത്ത് പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നുമുള്ള വലിയൊരു സന്ദേശമാണ് എഴുപത്തഞ്ച് വർഷകാലത്തെ മുസ്ലിം ലീഗിന്റെ ചരിത്രം നമ്മെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു കൊണ്ട് പ്രമുഖ പ്രസംഗികനും കെ.എം.സി.സി. നേതാവുമായ ഇസ്മായിൽ വള്ളിയോത്ത് പറഞ്ഞു. നമ്മുടെ രാജ്യവും നമ്മുടെ സമൂഹവും ഒരു കെട്ട കാലത്തിലൂടെ മുന്നോട്ട് പോകുമ്പോൾ അസഹിഷ്‌ണതയും അരാജകത്വവും നിറഞ്ഞ്, മതേതരത്തിനു മരണമണി മുഴങ്ങിക്കൊണ്ടിരിക്കുന്ന, ജനാധിപത്യ മൂല്യങ്ങൾ തിരസ്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് മാനവിക ഐക്യവും മതേതരത്വവും മത സൗഹാർദ്ധവും നിലനിർത്താൻ, സ്നേഹത്തിന് വേണ്ടി ശബ്‌ദിക്കാൻ സമൂഹത്തെ സജ്ജമാക്കുക എന്ന വലിയ ദൗത്യമാണ് ലീഗ് ഏറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്ത് കെ.എം.സി.സി.ആക്ടിംഗ് പ്രസിഡൻ്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിച്ച പരിപാടി അവയവ ദാനത്തിൻ്റെ കുവൈത്ത് അംബാസഡറായ ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളിൽ സ്നേഹത്തിന്റെ പൂക്കൾ വിരിയിച്ച അതുല്യ പ്രതിഭയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഫാ. ചിറമേൽ പറഞ്ഞു. മെഡെക്സ് ചെയർമാൻ ഫാസ് മുഹമ്മദലി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. 

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബൂബക്കർ സിദ്ധീഖ് എസ്.പിക്ക് യാത്രയപ്പും നൽകി. 
കെ.ഐ.സി. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി, കുവൈത്ത് കെ.എം.സി.സി. വൈസ് പ്രസിഡൻറുമാരായ എൻ.കെ. ഖാലിദ് ഹാജി, ഷഹീദ് പട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറിമാരായ എഞ്ചിനീയർ മുഷ്താഖ്, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ ആശംസകളർപ്പിച്ചു. സിദ്ധീഖ് മറുപടി പ്രസംഗം നിർവ്വഹിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി ടി.ടി.ഷംസു സ്വാഗതവും സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.

Related News