പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനം ശരിയല്ല: മായാവതി

  • 25/05/2023

ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ ബിഎസ്‌പി അധ്യക്ഷ മായാവതി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനം ശരിയല്ലെന്ന് അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരാണ് പാര്‍ലമെന്റ് നിര്‍മ്മിച്ചത്. അത് ഉദ്ഘാടനം ചെയ്യാൻ അവര്‍ക്ക് അവകാശമുണ്ട്. വ്യക്തിപരമായ തിരക്ക് മൂലം തനിക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്നും ക്ഷണിച്ചതിന് നന്ദിയെന്നും മായാവതി പറഞ്ഞു.


പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനാണ് 20 പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. ബിആര്‍എസ് പാര്‍ട്ടി നിലപാടറിയിച്ചിട്ടില്ല. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ അഞ്ച് പാര്‍ട്ടികള്‍ ചടങ്ങിനെത്തും. അതേസമയം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കാനിരിക്കുന്ന ചെങ്കോലിനെ ചൊല്ലിയും രാഷ്ട്രീയ വിവാദം ഉയര്‍ന്നിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘനം നടത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെ അടിക്കാന്‍ ചെങ്കോല്‍ ബിജെപി ആയുധമാക്കുന്നു. സ്വാതന്ത്യ ദിനത്തിലെ അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായ ചെങ്കോലിനെ ഇത്രയും കാലം കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്ന് ബിജെപി കുറ്റപ്പെടുത്തി.

ബ്രിട്ടണ്‍ അധികാരം കൈമാറിയതിന്‍റെ പ്രതീകമായ ചെങ്കോല്‍ അലഹബാദിലെ നെഹ്റുവിന്‍റെ വസതിയായ ആനന്ദഭവനിലേക്ക് ഒതുക്കപ്പെടുകയായിരുന്നുവെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു. ചെങ്കോലിനെ വിശേഷിപ്പിച്ചത് നെഹ്റുവിന് സമ്മാനമായി കിട്ടിയ സ്വര്‍ണ്ണ ഊന്ന് വടിയെന്നാണ്. പൂജകള്‍ക്ക് ശേഷമാണ് സ്വാതന്ത്യദിന രാത്രിയില്‍ ചെങ്കോല്‍ നെഹ്റുവിന് കൈമാറിയത്. ചെങ്കോലിനെ അവഗണിച്ചതിലൂടെ ഹിന്ദു ആചാരങ്ങളെ കൂടി കോണ്‍ഗ്രസ് അവഹേളിക്കുകയായിരുന്നുവെന്നും ഐടി സെല്‍മേധാവി കുറ്റപ്പെടുത്തി.

Related News