വിമാനത്താവളത്തിൽ തമാശയ്ക്ക് പറഞ്ഞ മറുപടി വിനയായി; പ്രവാസി എൻജിനീയറെ നാടുകടത്തും

  • 15/08/2023

 

കുവൈത്ത് സിറ്റി: വിമാനത്താവള സുരക്ഷ അധികൃതരുടെ ചോദ്യത്തിന് ഒരു ഈജിപ്ത്യൻ  എൻജിനയർ നൽകിയ മറുപടി കാരണമായത് നാടുകടത്തലിന്. പ്രീ-ഫ്ലൈറ്റ് യാത്രാ നടപടിക്രമങ്ങൾക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി 'ഇതിൽ സ്ഫോടകവസ്തുക്കൾ അടങ്ങിയിരിക്കുന്നു' എന്ന് എഞ്ചിനിയർ നൽകിയ മറുപടിയാണ് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമായത്. തന്റെ പ്രതികരണം ഒരു തമാശയായിട്ടാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാൻ എഞ്ചിനിയർ പിന്നീട് ശ്രമിച്ചെങ്കിലും സ്ഥിതിഗതികൾ പെട്ടെന്ന് വഷളാകുകയും അധികൃതർ കർശന നടപടികൾ സ്വീകരിക്കുകയുമായിരുന്നു. പരിശോധനയിൽ ബാഗിനുള്ളിൽ സ്ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല. എന്നാൽ അറബ് പൗരൻ്റെ യാത്ര വിലക്കുകയും ജലീബ് പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തു. 41 കാരനായ എഞ്ചിനിയർക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എഞ്ചിനിയറെ നാടുകടത്തുന്നതിനുള്ള നടപടികൾക്കും ഉത്തരവായിട്ടുണ്ട്.

Related News