അരി, ഗോതമ്പ് ഫാമുകൾ വാങ്ങാൻ പദ്ധതിയില്ലെന്ന് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 16/08/2023


കുവൈത്ത് സിറ്റി: ആവശ്യ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമ പ്രതിസന്ധികളെയും അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അൽ ഐബാൻ വ്യക്തമാക്കി. ഉപഭോക്തൃ വസ്തുക്കളുടെ ദൗർലഭ്യം സംബന്ധിച്ച് ഏത് അടിയന്തര സാഹചര്യവും നേരിടാൻ വാണിജ്യ, വ്യവസായ മന്ത്രാലയം പൂർണ്ണമായും സജ്ജമാണ്. വിവിധ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 രാജ്യത്തെ സ്റ്റോക്കുകൾ സമൃദ്ധമാണെന്നും പ്രാദേശിക വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്നും അദ്ദേഹം അറിയിച്ചു. ഒരു വർഷത്തേക്ക് ആവശ്യമായ സ്റ്റോക്കുകൾ ഇപ്പോൾ രാജ്യത്തുണ്ട്. സ്റ്റോക്കുകളുടെ അളവ് വർധിപ്പിക്കുന്നതിനുള്ള ഭാവി കരാറുകളും ഉണ്ട്. 
പ്രാദേശിക വിപണികളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനായി വിവിധ ചരക്കുകളുടെയും അടിസ്ഥാന സാമഗ്രികളുടെയും വില സർവ്വേ മന്ത്രാലയം തുടർച്ചയായി നടത്തുന്നുണ്ടെന്നും ഉൽപ്പാദക രാജ്യങ്ങളിൽ അരി, ഗോതമ്പ് ഫാമുകൾ വാങ്ങാൻ നിലവിൽ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related News