ഉച്ചജോലി വിലക്ക്; കുവൈത്തിൽ മിന്നല്‍ പരിശോധനകള്‍ തുടര്‍ന്ന് മാൻപവര്‍ അതോറിറ്റി

  • 18/08/2023


കുവൈത്ത് സിറ്റി: രാജ്യത്ത് ഉച്ച ജോലി വിലക്ക് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ മിന്നല്‍ പരിശോധനകള്‍ തുടര്‍ന്ന് മാൻപവര്‍ അതോറിറ്റി. കഴിഞ്ഞ ജൂൺ ഒന്ന് മുതലാണ് രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് അവസാനം വരെയാണ് ഉച്ച ജോലി വിലക്കുള്ളത്. ഈ തീരുമാനം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനാണ് മാൻപവര്‍ അതോറിറ്റിയിലെ പരിശോധന സംഘങ്ങള്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ക്യാമ്പയിനുകള്‍ നടത്തുന്നത്. 

ജൂൺ ആദ്യം മുതൽ ഉച്ചജോലി വിലക്കുമായി ബന്ധപ്പെട്ട് 320 നോട്ടിഫിക്കേഷൻ നൽകിയിട്ടുണ്ടെന്ന് മുബാറക് അൽ കബീർ ഗവർണറേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എൻജിനീയർ ഹുസൈൻ അൽ ബന്നായി പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഉച്ച ജോലി വിലക്ക് പാലിക്കാൻ മിക്ക കമ്പനികളും തയാറാണ്. എന്നാല്‍, റെസിഡൻസിയുടെ ആർട്ടിക്കിൾ 20 പിന്തുടരുന്ന തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News