കുവൈത്തിന്‍റെ പ്രതിശീർഷ സമ്പത്ത് 100,000 ഡോളര്‍ കടന്നതായി റിപ്പോർട്ട്

  • 19/08/2023

 


കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ശരാശരി പ്രതിശീർഷ സമ്പത്ത് 100,000 ഡോളർ കടന്നതായി ക്രെഡിറ്റ് സ്യൂസിന്റെ വാർഷിക ആഗോള സമ്പത്ത് റിപ്പോർട്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം 2022ൽ പണപ്പെരുപ്പവും ഡോളറിന്റെ ശക്തിയും കാരണം ലോകമെമ്പാടുമുള്ള ഫാമിലി വെല്‍ത്തിന് ആദ്യ ഇടിവ് വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ഘടകങ്ങൾ ആസ്തിയിൽ ഏകദേശം 11.3 ട്രില്യൺ ഡോളറിന്റെ കുറവ് വരുത്തി. ലോകമെമ്പാടുമുള്ള ആളോഹരി സമ്പത്ത് 2.4 ശതമാനം കുറഞ്ഞ് 454.4 ട്രില്യൺ ഡോളറായി കുറഞ്ഞുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
 
ഈ കുറവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം വടക്കേ അമേരിക്കയിലും യൂറോപ്പിലുമാണ്. അവിടെ മൊത്തം നഷ്ടം 10.9 ട്രില്യൺ ഡോളര്‍ ആണ്. ഉപരോധത്തിന്‍റെ ആഘാതം ഉണ്ടായിരുന്നിട്ടും 2022ൽ സമ്പത്തിൽ റഷ്യ ശ്രദ്ധേയമായ കുതിച്ചുചാട്ടമാണ് നടത്തിയത്. ലാറ്റിനമേരിക്കയിൽ സമ്പത്തിൽ 2.4 ട്രില്യൺ ഡോളറിന്റെ വളർച്ചയുണ്ടായി. കോടീശ്വരന്മാരുടെ എണ്ണത്തിൽ 3.5 മില്യണ്‍ പേരുടെ കുറവ് വന്നിട്ടുണ്ട്. ഇതോടെ ആകെ കോടീശ്വരന്മാരുടെ എണ്ണം 59.5 മില്യണിലേക്ക് എത്തി.

Related News