കടൽമാർഗം മയക്കുമരുന്ന് കടത്തൽ; 5 പ്രവാസികളടക്കം എട്ട് പേർ പിടിയിൽ

  • 03/09/2023


കുവൈത്ത് സിറ്റി: മയക്കുമരുന്ന്, കള്ളക്കടത്ത് തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങൾ ചെറുക്കാനും അവയിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിനുമുള്ള പരിശ്രമങ്ങൾ ഊർജിതപ്പെടുത്തി ക്രിമിനൽ സെക്യൂരിറ്റി വിഭാ​ഗം. ഏറ്റവും ഒടുവിൽ രണ്ട് ബിഡൗണുകൾ, അഞ്ച് ഏഷ്യൻ പൗരന്മാർ, ഒരു കുവൈത്തി പൗരൻ എന്നിവർ ഉൾപ്പെടുന്ന എട്ട് പേരടങ്ങുന്ന ക്രിമിനൽ സംഘത്തെ പിടികൂടാൻ സാധിച്ചതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ നാർക്കോട്ടിക്‌സ് കൺട്രോൾ അറിയിച്ചു. 

കടൽമാർഗം രാജ്യത്തേക്ക് മയക്കുമരുന്ന് കട‌ത്താനാണ് ഇവർ ശ്രമിച്ചത്. 140 കിലോഗ്രാം മയക്കുമരുന്ന് ഹാഷിഷും 50,000 ക്യാപ്റ്റഗൺ ഗുളികകളും ഉൾപ്പെടുന്ന ഗണ്യമായ അളവിൽ അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. കടൽമാർഗ്ഗം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ രണ്ട് വ്യക്തികൾ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെത്തുടർന്ന് അതോറിറ്റികൾ രാപകൽ നിരീക്ഷണം ആരംഭിക്കുകയും ആവശ്യമായ നിയമാനുമതികൾ വാങ്ങി പരിശോധനകൾ വ്യാപിപ്പിക്കുകയുമായിരുന്നു.

Related News