ജാതി സെൻസസില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ എംപിമാരെ ഉപയോഗിച്ച്‌ വിവാദം സൃഷ്ടിക്കാൻ ബിജെപി ശ്രമം: രാഹുല്‍ ഗാന്ധി

  • 24/09/2023

ന്യൂഡല്‍ഹി: ബിജെപി തങ്ങളുടെ എംപിമാരെ ഉപയോഗിച്ച്‌ വിവാദം സൃഷ്ടിച്ച്‌ ജാതി സെൻസസ് എന്ന ആവശ്യത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിനായി രമേഷ് ബിദൂഡി, നിഷികാന്ത് ദുബെ തുടങ്ങിയ എംപിമാരെ ഉപയോഗിച്ച്‌ വിവാദമുണ്ടാക്കാനാണ് ശ്രമം. പ്രതിപക്ഷ പാര്‍ട്ടികള്‍ പല കോണുകളില്‍ നിന്നും ആക്രമണങ്ങള്‍ നേരിടുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.  


ഡല്‍ഹിയില്‍ ഒരു കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ വിജയത്തില്‍ നിന്ന് പ്രധാനപ്പെട്ട പല പാഠങ്ങള്‍ പഠിച്ചുവെന്നും അത് മറ്റുള്ള സംസ്ഥാനങ്ങളില്‍ കൂടി നടപ്പിലാക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഞങ്ങളുടെ ആശയ രൂപീകരണങ്ങളുടെ ശ്രദ്ധ തെറ്റിച്ചിരുന്നു.അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോള്‍ പഠിച്ചു.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് നല്‍കി. ബിജെപി ഇനി എന്തൊക്കെ ശ്രമിച്ചാലും അതിനെ തകര്‍ക്കാനാകില്ല. പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച്‌ തെരഞ്ഞെടുപ്പില്‍ വിജയം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യയിലെ ഒരു വ്യവസായി ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിക്ക് ചെക്ക് എഴുതുകയാണെങ്കില്‍, അവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് അവരോടു ചോദിക്കൂ. ഞങ്ങള്‍ സാമ്ബത്തിക, മാധ്യമ ആക്രമണം നേരിടുകയാണ്. രാഹുല്‍ഗാന്ധി പറഞ്ഞു.

Related News