നിജ്ജര്‍ കൊലപാതകം: അമേരിക്കയുടെ പരസ്പരവിരുദ്ധ പ്രസ്താവനകളില്‍ ഇന്ത്യക്ക് അതൃപ്തി

  • 24/09/2023

ദില്ലി: ഖലിസ്ഥാൻ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിലെ അമേരിക്കൻ നിലപാടില്‍ ഇന്ത്യയ്ക്ക് അതൃപ്തി. പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ അമേരിക്ക നടത്തുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വിമര്‍ശിക്കുന്നു. അമേരിക്ക ഇത് തുടര്‍ന്നാല്‍ ഇന്ത്യ പരസ്യമായി തന്നെ അതൃപ്തി അറിയിക്കും. പ്രശ്ന പരിഹാരത്തിന് അമേരിക്ക കൂടി ഉള്‍പ്പെട്ട ചര്‍ച്ച നടന്നേക്കുമെന്നാണ് വിവരം.


എന്തെങ്കിലും നടപടി ആര്‍ക്കെങ്കിലും എതിരെ എടുക്കാവുന്ന ഒരു തെളിവും കാനഡ നല്‍കിയിട്ടില്ലെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്നു. നിജ്ജര്‍ കൊലപാതകത്തില്‍ പങ്കുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ജയിലില്‍ അടക്കണമെന്ന് വീണ്ടും ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചിട്ടുണ്ട്.

നേരത്തെ ക്വാഡ് ഉച്ചകോടിയില്‍ ഭീകരവാദത്തെയും പിന്തുണക്കുന്ന രാജ്യങ്ങളെയും എതിര്‍ക്കണമെന്നും അതിന് പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്ക നിലപാടെടുത്തിരുന്നു. ഇന്ത്യ കൂടി അംഗമായ കൂട്ടായ്മയില്‍ ഇന്ത്യയുടെ നിലപാടിനൊപ്പമായിരുന്നു അമേരിക്ക. എന്നാല്‍ തൊട്ടുപിന്നാലെ കാനഡയെ അനുകൂലിച്ചും ഇന്ത്യയെ പരസ്യമായി വിമര്‍ശിച്ചും യുഎസ് വിദേശകാര്യ വകുപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു. ഇത് കാനഡയ്ക്ക് ബലമായി.

Related News