'ഒരാള്‍ കള്ളൻ, മറ്റേയാള്‍ കൊള്ളക്കാരൻ'; ബിജെപി ബന്ധം ഉപേക്ഷിച്ച അണ്ണാ ഡിഎംകെയെ പരിഹസിച്ച്‌ ഉദയനിധി സ്റ്റാലിൻ

  • 26/09/2023

ചെന്നൈ: ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച എഐഎഡിഎംകെയുടെ തീരുമാനത്തെ പരിഹസിച്ച്‌ ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിൻ. ഒരാള്‍ കള്ളനും മറ്റേയാള്‍ കൊള്ളക്കാരനുമായതിനാല്‍ രണ്ട് പാര്‍ട്ടികളും ഇനിയും ഒരുമിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പരിഹാസം. ഡിഎംകെയുടെ യുവജനവിഭാഗം കൃഷ്ണഗിരിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ഉദയനിധി എഐഎഡിഎംകെയെ പരിഹസിച്ച്‌ രംഗത്തെത്തിയത്.


'എഐഎഡിഎംകെ-ബിജെപി സഖ്യം അവസാനിച്ചെന്നാണു നേതൃത്വം പ്രഖ്യാപിച്ചത്. നിങ്ങള്‍ സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ ഡിഎംകെ ജയിക്കും. നിങ്ങളുടെ പാര്‍ട്ടി അണികള്‍ പോലും ഈ തീരുമാനം വിശ്വസിക്കില്ല'- ഉദയനിധി പറഞ്ഞു. എഐഎഡിഎംകെയും ബിജെപിയും ഒരുപക്ഷേ വഴക്ക് അഭിനയിച്ചേക്കാം. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ വീണ്ടും ഒന്നിക്കും. പക്ഷേ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് എഐഎഡിഎംകെ - ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം ഉണ്ടായത്. വരുന്ന തെരഞ്ഞെടുപ്പില്‍ തനിച്ച്‌ മത്സരിക്കാനാണ് എഐഎഡിഎംകെയുടെ തീരുമാനം. അണ്ണാദുരൈയേയും ജയലളിതയേയും വരെ ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയാണ് എഐഎഡിഎംകെ മുന്നണി വിട്ടത്. പ്രവര്‍ത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനമെന്ന് പ്രമേയവും പാസാക്കിയിരുന്നു.

Related News