കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പങ്കജ് ചൗധരി

  • 26/09/2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി പങ്കജ് ചൗധരി. ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എ സി മൊയ്തീനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലല്ല എന്നും അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പങ്കജ് ചൗധരി. രാജ്യത്ത് പല കേസുകളിലും ഇഡി റെയിഡ് നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ബാങ്കിലെ സംശയകരമായ പണമിടപാടുകളുടെ രേഖകള്‍ ഇഡിക്ക് കിട്ടിയിരുന്നു. കേസിലെ പ്രതി സതീഷ് കുമാര്‍ നടത്തിയ ഇടപാടുകളിലും വിവരങ്ങള്‍ തേടും. കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്‍റ് എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിപിഎം നേതാവ് എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണനെ ഏഴ് മണിക്കൂറോളമാണ് ചോദ്യംചെയ്തത്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പിപി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്ബത്തിക ഇടപാടിലാണ് എം.കെ കണ്ണനെ ചോദ്യം ചെയ്തത്. 

Related News