പാര്‍ലമെന്‍റില്‍ വിദ്വേഷ പ്രസംഗം നടത്തിയ രമേഷ് ബിധുരിക്ക് പുതിയ പദവിയുമായി ബിജെപി; പ്രതിഷേധവുമായി പ്രതിപക്ഷം

  • 28/09/2023

ദില്ലി: പാര്‍ലമെന്‍റില്‍ ബി എസ് പി നേതാവ് ഡാനിഷ് അലിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ രമേഷ് ബിധുരിക്ക് പുതിയ പദവി നല്‍കി ബിജെപി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ടോംഗ് മണ്ഡലത്തിന്‍റെ ചുമതലയാണ് ബിധുരിക്ക് ബിജെപി നല്‍കിയത്. അതേസമയം നിയമത്തേയും ജനങ്ങളേയും ബിജെപി വെല്ലുവിളിക്കുയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. ബിധുരിയുടെ ആഭാസം ബിജെപി അംഗീകരിച്ചതിന്‍റെ തെളിവാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മൊഹുവ മൊയ്ത്രയും പ്രതികരിച്ചു.


ഗുജ്ജറുകളും, മുസ്ലീംങ്ങളും നിര്‍ണ്ണായക വോട്ടുബാങ്കുകളാകുന്ന ടോങ്കില്‍ ബിധുരിയുടെ നിലപാട് ഗുജ്ജര്‍ വിഭാഗത്തിന്‍റെ വോട്ടുകള്‍ ഏകീകരിക്കാന്‍ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. പുതിയ ചുമതല നല്‍കിയതുകൊണ്ട് ബിധുരിക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് വ്യക്തമാകുകയാണ്. കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ മണ്ഡലമാണ് ടോംഗ്.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേള്ളനത്തിലായിരുന്നു ബിഎസ്പി എംപി ഡാനിഷ് അലിയെ ഭീകരവാദിയെന്നും മുല്ല എന്നും രമേശ് ബിദൂരി വിളിച്ച സംഭവം ഉണ്ടായത്. സംഭവത്തില്‍ ബിജെപി എംപി രമേഷ് ബിദുരിക്ക് സ്പീക്കര്‍ താക്കീത് നല്‍കിയിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ സഭയില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കം ചെയ്തു. പരാമര്‍ശത്തിന്റെ പേരില്‍ രമേഷ് ബിദുരി എംപിക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.

Related News