പാര്‍ലമെൻറിലെ വിദ്വേഷ പ്രസംഗം: രമേഷ് ബിദുരി എംപിക്കെതിരായ പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു

  • 28/09/2023

പാര്‍ലമെൻറിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി എംപി രമേശ് ബിദുരിക്കെതിരെ ബിഎസ്പി എംപി ഡാനിഷ് അലി നല്‍കിയ പരാതി സ്പീക്കര്‍ പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു. വിവാദമായ പരാമര്‍ശത്തിന് പിന്നാലെ രമേഷ് ബിദുരിയെ ലോക്സഭയില്‍ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

അതേസമയം വിവാദത്തിന് ശേഷവും രമേഷ് ബിദുരിക്ക്, നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ടോംഗ് മണ്ഡലത്തിന്‍റെ ചുമതല ബിജെപി നല്‍കിയിരുന്നു. രമേശ് ബിധുരിക്ക് പുതിയ പദവി നല്‍കിയ ബിജെപി, നിയമത്തേയും ജനങ്ങളേയും വെല്ലുവിളിക്കുയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേള്ളനത്തിലായിരുന്നു ബിഎസ്പി എംപി ഡാനിഷ് അലിയെ ഭീകരവാദിയെന്നും മുല്ല എന്നും രമേശ് ബിദൂരി വിളിച്ച സംഭവം ഉണ്ടായത്. സംഭവത്തില്‍ ബിജെപി എംപി രമേഷ് ബിദുരിക്ക് സ്പീക്കര്‍ താക്കീത് നല്‍കിയിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ സഭയില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കം ചെയ്തു.

പരാമര്‍ശത്തിന്റെ പേരില്‍ രമേഷ് ബിദുരി എംപിക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എംപി ഡാനിഷ് അലിക്കെതിരായ പരാമര്‍ശങ്ങളില്‍ ബിജെപി എംപി രമേഷ് ബിദുരിയെ സഭയില്‍ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.


Related News