കാവേരി നദീജല തര്‍ക്കം; കന്നഡ സംഘടനകളുടെ ബന്ദ് പൂര്‍ണം; 44 വിമാനങ്ങള്‍ റദ്ദാക്കി, സ്തംഭിച്ച്‌ ജനജീവിതം

  • 29/09/2023

ബംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ട് നല്‍കുന്നതില്‍ പ്രതിഷേധിച്ച്‌ കര്‍ണാടകയില്‍ വിവിധ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. ബെംഗളുരു നഗരത്തിലും കര്‍ണാടകയുടെ തെക്കൻ ജില്ലകളിലും ജനജീവിതം സ്തംഭിച്ചു. ബെംഗളുരുവില്‍ സ്കൂളുകളും കോളേജുകളും ഓഫീസുകളും ഹോട്ടലുകളും അടഞ്ഞു കിടന്നു. നിരത്തുകള്‍ ആളൊഴിഞ്ഞ നിലയിലായിരുന്നു. വളരെക്കുറച്ച്‌ സിറ്റി ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. മെട്രോ, തീവണ്ടി ഗതാഗതം സാധാരണ നിലയിലാണ്. 

ബെംഗളുരു വിമാനത്താവളത്തില്‍ നിന്ന് ഇന്ന് സ‍‍ര്‍വീസ് നടത്തേണ്ടിയിരുന്ന 44 വിമാനങ്ങള്‍ റദ്ദാക്കി. മുംബൈ, കൊല്‍ക്കത്ത, മംഗളുരു വിമാനങ്ങളാണ് റദ്ദാക്കിയത്. യാത്രക്കാര്‍ കൂട്ടത്തോടെ ടിക്കറ്റ് ക്യാൻസല്‍ ചെയ്തതിനാലാണ് സര്‍വീസ് റദ്ദാക്കിയിട്ടുള്ളത്. ബെംഗളുരു നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മണ്ഡ്യ, ഹാസൻ, രാമനഗര അടക്കമുള്ള കാവേരീതീരത്തെ ജില്ലകളിലും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ കോലം കത്തിച്ചുള്‍പ്പടെ പ്രതിഷേധിച്ചു. 

കൃഷ്ണഗിരി ജില്ലയിലെ കര്‍ണാടക - തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട് ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ബെംഗളുരുവില്‍ നിന്നടക്കം ഇന്ന് തമിഴ്നാട്ടിലേക്ക് ഒരു ബസ് സര്‍വീസുമുണ്ടാകില്ല. കന്നഡ സിനിമാ പ്രവര്‍ത്തകരും ഇന്ന് ബെംഗളുരുവിലെ ഫിലിം ചേംബറില്‍ ബന്ദിന് പിന്തുണയുമായി പ്രതിഷേധം നടത്തി. ബന്ദോടെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് കന്നഡ സംഘടനകള്‍ പറയുന്നത്.

Related News