'അഴിമതിക്കാരായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇതൊരു പാഠമാകട്ടെ'; പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച്‌ വിശാല്‍

  • 30/09/2023

മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി നല്‍കേണ്ടിവന്നു എന്ന നടൻ വിശാലിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു. തന്റെ പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ എന്നിവര്‍ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് വിശാല്‍.


മുംബൈ സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച സുപ്രധാന വിഷയങ്ങളില്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചതിന് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തോട് നന്ദി പറയുന്നുവെന്ന് വിശാല്‍ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു. അഴിമതിക്കാരോ അഴിമതി നടത്താൻ ഉദ്ദേശിക്കുന്നവരോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതൊരു ഉദാഹരണമായെടുക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരായ വഴിയിലൂടെ രാജ്യത്തെ സേവിക്കണമെന്നും അഴിമതിയുടെ പടവുകള്‍ തിരഞ്ഞെടുക്കരുതെന്നും വിശാല്‍ എഴുതി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ എന്നിവരോടുള്ള നന്ദിയും വിശാല്‍ പ്രകടിപ്പിക്കുന്നുണ്ട്. അഴിമതിക്ക് ഇരയായ ആളുകള്‍ക്ക് നീതി ലഭിക്കുമെന്നത് തന്നെപ്പോലുള്ള ഒരു സാധാരണക്കാരന് സംതൃപ്തി നല്‍കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വിശാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related News