ചൈന അനുകൂല വാര്‍ത്തയ്ക്ക് പണം; ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുരകയസ്ത അറസ്റ്റില്‍; യുഎപിഎ ചുമത്തി

  • 03/10/2023

ന്യൂഡല്‍ഹി: ചൈന അനുകൂല വാര്‍ത്തയ്ക്ക് അമേരിക്കന്‍ കോടീശ്വരനില്‍ നിന്ന് പണം വാങ്ങിയെന്ന കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്ത അറസ്റ്റില്‍. എച്‌ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎപിഎ ചുമത്തിയാണ് പ്രബിര്‍ പുരകയസ്തയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 


നേരത്തെ ന്യൂസ് ക്ലിക്കിന്റെ ഓഫീസില്‍ റെയ്ഡ് നടത്തി പ്രബിര്‍ പുരകയസ്തയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നാലെ ന്യൂസ് ക്ലിക്കിന്റെ ഡല്‍ഹി ഓഫീസ് സീല്‍ ചെയ്തു. 46 പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തു. 

മാധ്യമപ്രവര്‍ത്തകരുടെ ലാപ്പ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. മാധ്യമ സ്ഥാപനത്തിന് എതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസില്‍ രാവിലെ മുതല്‍ റെയ്ഡ് നടത്തിയിരുന്നു. 

മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദന്‍ എന്നിവരുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്.

Related News