ദുരന്തം വിതച്ച്‌ സിക്കിമിലെ മിന്നല്‍ പ്രളയം; 14 മരണം; 82 പേരെ കാണാതായി

  • 04/10/2023

വടക്കൻ സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 22 സൈനികര്‍ ഉള്‍പ്പടെ 82 പേരെ കാണാതായി. കാണാതായവരില്‍ ഒരു സൈനികനെ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ മഴയും ഹിമപാളികള്‍ ഉരുകിയൊഴുകിയതുമാണ് ദുരന്തകാരണമെന്ന് എൻ.ഡി.എം.എ അറിയിച്ചു. നേപ്പാളിലെ ഭൂകമ്ബവും ദുരന്തകാരണമായോ എന്ന് സംശയിക്കുന്നതായും കേന്ദ്ര ജല കമ്മീഷൻ പറഞ്ഞു. സിക്കിമില്‍ 25 നദികള്‍ അപകടാവസ്ഥയിലാണെന്ന് മുന്നറിയിപ്പുണ്ട്. 


മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങികിടക്കുകയാണ്. ഇന്നലെ രാവിലെ മുതല്‍ ടീസ്റ്റ നദി കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ചുങ്താങ് അണക്കെട്ടില്‍ നിന്നുള്ള വെള്ളം കൂടി എത്തിയത് ദുരന്ത തീവ്രത കൂട്ടി. തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും കൂടുതല്‍ പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

നദീതീരങ്ങളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടയാണ് മിന്നല്‍ പ്രളയം എത്തിയത്. സിങ്താമിന് സമീപമുള്ള ബര്‍ദാങ്ങില്‍ സൈനിക വാഹനങ്ങള്‍ ഒലിച്ചുപോയി. ലാച്ചൻ താഴ്വരയിലെ നിരവധി സൈനിക സ്ഥാപനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. കാണാതായവരുടെ എണ്ണം വര്‍ധിച്ചേക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രേം സിങ് തമാങ് പ്രളയ മേഖല സന്ദര്‍ശിച്ചു. ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം പാലം അടക്കം ആറ് പാലങ്ങള്‍ തകര്‍ന്നു. സിക്കിം - ബംഗാള്‍ ദേശീയപാത ഒലിച്ചുപോയി.

Related News