ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലിനെ നീക്കി; അജിത് പവാറിന് ഷിന്‍ഡെ മന്ത്രിസഭയില്‍ സുപ്രധാന പദവി

  • 05/10/2023

മുംബൈ: മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് സുപ്രധാന പദവി. സംസ്ഥാനത്തെ സുപ്രധാന ജില്ലയിലെ ഗാര്‍ഡിയന്‍ മന്ത്രിസ്ഥാനമാണ് അജിത് പവാറിന് ലഭിച്ചത്. 


പൂനെയുടെ ഗാര്‍ഡിയന്‍ മന്ത്രിപദവിയാണ് അജിത് പവാറിന് ലഭിച്ചത്. മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലിനെ മാറ്റിയാണ് അജിത് പവാറിന് ചുമതല നല്‍കിയത്. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല വഹിക്കല്‍ ഗാര്‍ഡിയൻ മന്ത്രിയുടെ ഉത്തരവാദിത്തമാണ്.

ചന്ദ്രകാന്ത് പാട്ടീലിന് താരതമ്യേന പ്രാധാന്യം കുറഞ്ഞ അമരാവതി, ഷോളാപൂര്‍ ജില്ലകളുടെ ഗാര്‍ഡിയന്‍ മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. ശിവസേന മന്ത്രി ദീപക് കെസാര്‍ക്കറിന് കോലാപൂര്‍ ജില്ലാ ഗാര്‍ഡിയന്‍ മന്ത്രിപദവി നഷ്ടമായി. ഗാര്‍ഡിയൻ മന്ത്രി പദവി പുനഃസംഘടിപ്പിച്ചപ്പോള്‍ എൻസിപി അജിത് പവാര്‍ വിഭാഗത്തിന് വൻ നേട്ടമാണുണ്ടായത്. 

എന്‍സിപിയുടെ ഹസന്‍ മുഷറഫിനാണ് കോലാപൂരിന്റെ ചുമതല. എന്‍സിപി മന്ത്രി ധനഞ്ജയ് മുണ്ടെയെ സ്വന്തം ജില്ലയായ ബീഡിലെ ഗാര്‍ഡിയന്‍ മന്ത്രിയായും നിയമിച്ചു. ബിജെപിയുടെ വിജയകുമാര്‍ ഗാവിതിനെ നന്ദൂര്‍ബാര്‍ ജില്ലാ ഗാര്‍ഡിയന്‍ മന്ത്രി പദവിയില്‍ നിന്നും നീക്കി. 

Related News