പ്രായപൂര്‍ത്തിയാകാത്ത മകളെ 3 വര്‍ഷത്തോളം പീഡിപ്പിച്ചു, ഗര്‍ഭിണിയാക്കി; പിതാവിനെ തൂക്കാൻ വിധിച്ച്‌ കോടതി

  • 08/10/2023

ചണ്ഡീഗഡ്: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിനെ തൂക്കിക്കൊല്ലാൻ വിധിച്ച്‌ കോടതി. ഹരിയാനയിലെ പല്‌വാലില്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് വര്‍ഷത്തോളമാണ് പിതാവ് മകളെ നിരന്തരം പീഡിപ്പിച്ചത്. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. 2020 ഒക്ടോബറിലാണ് പീഡന വിവരം പുറത്തറിയുന്നത്. 


താൻ ഗര്‍ഭിണിയായതോടെ പെണ്‍കുട്ടി പല്‍വാലിലെ വനിതാ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പിതാവ് തന്നെ മൂന്ന് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച്‌ വരികയാണെന്നും താൻ ഗര്‍ഭിണിയാണെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

ഇതോടെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണയിലായിരുന്ന പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.. 

കുഞ്ഞിന്‍റെ ഡിഎൻഎ പരിശോധിച്ചതില്‍ നിന്നും പിതാവ് തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് കോടതി പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചത്. 2020 മുതല്‍ നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ നീതി ലഭിച്ചെന്നാണ് അഭിഭാഷകൻ ഹര്‍കേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

Related News