പാട്ടും ഡാൻസും, എല്ലാരും ഒപ്പംകൂടി, ഷോയ്ക്കിടെ കറണ്ടൊന്ന് പോയിവന്നു, നോക്കിയപ്പോള്‍ 25 പേരുടെ പോക്കറ്റില്‍ ഫോണില്ല

  • 11/10/2023

ദില്ലി: സംഗീത പരിപാടിക്കിടെ വൈദ്യുതി നിലച്ചപ്പോള്‍ 25 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. ഗുഡ്ഗാവിലെ ബാക്ക്‌യാര്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് ഫോണുകള്‍ കൂട്ടത്തോടെ മോഷണം പോയത്. 


ഞായറാഴ്ചയാണ് സണ്‍ബേണ്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ പരിപാടി നടന്നത്. പതിനായിരത്തോളം പേര്‍ പരിപാടി കാണാന്‍ എത്തിയിരുന്നു. പരിപാടിക്കിടെ പെട്ടെന്ന് വൈദ്യുതി നിലച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചപ്പോഴാണ് ഇരുപത്തഞ്ച് പേരുടെ ഫോണുകള്‍ നഷ്ടപ്പെട്ടെന്ന സത്യം തിരിച്ചറിഞ്ഞത്.

സംഭവ സ്ഥലത്ത് നിന്ന് 12 പേരെ പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി വൈകി സെക്ടര്‍ 65 പൊലീസ് സ്റ്റേഷനില്‍ ഏഴ് പേരാണ് പരാതി നല്‍കിയതെന്ന് ഡിസിപി സിദ്ധാന്ത് ജെയിൻ പറഞ്ഞു. തുടര്‍ന്നാണ് സംശയമുള്ള 12 പേരെ ചോദ്യംചെയ്തത്. പിന്നാലെ രണ്ട് ഫോണുകള്‍ കണ്ടെത്തി.

ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ ഹിമാൻഷു വിജയ് സിംഗ് നല്‍കിയ പരാതിയില്‍ പറയുന്നത് തന്റെയും ഭാര്യ അവന്തികയുടെയും മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടു എന്നാണ്. ലക്ഷയ് റാവല്‍, അര്‍ജുൻ കച്‌റൂ, സൗമ്യ ജ്യോതി ഹല്‍ദര്‍, സര്‍ത്ഥക് ശര്‍മ, കരണ്‍ ചൗഹാൻ എന്നിവരും ഫോണ്‍ നഷ്ടമായെന്ന് പരാതി നല്‍കി.

Related News